കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആര്‍പിഎഫ് ഉം എക്‌സൈസും നടത്തിയ പരിശോധനയിലാണ് പാര്‍സലായി എത്തിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

അഹമ്മദാബാദില്‍ നിന്ന് പാര്‍സലായി എത്തിയ നാല് ചാക്കുകളിലായാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ 500 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു ഇവ. മുന്തിയ ഇനം പുകയില ഉല്‍പ്പന്നമാണിതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 7 നാണ് പാര്‍സല്‍ കോഴിക്കോട് എത്തിയത്. സംശയത്തെ തുടര്‍ന്നാണ് ചാക്കുകള്‍ പരിശോധിച്ചത്. ലഹരിക്കടത്ത് പിടിക്കാനായി ഓണക്കാലത്ത് ഓപ്പറേഷന്‍ വിശുദ്ധി എന്ന പേരില്‍ പരിശോധന നടന്നുവരികയാണെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍ പറഞ്ഞു.

വ്യാജ വിലാസത്തിലാണ് പാര്‍സല്‍ കോഴിക്കോട് എത്തിയതെന്ന് ആര്‍ പി എഫ് അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആര്‍ പി എഫും എക്‌സൈസും സംയുക്ത പരിശോധന നടത്തുന്നുണ്ട്.