സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാനാവാതെ രാജ്യം; മുദ്ര ലോണ്‍ പദ്ധതി പരാജയം

കേന്ദ്ര സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച മുദ്ര ലോണ്‍ പദ്ധതി പരാജയം. ലോണ്‍ ഉപയോഗിച്ച് വ്യവസായം ആരംഭിച്ചത് 20 ശതമാനം ആള്‍ക്കാര്‍ മാത്രം. തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. അതോടൊപ്പം 2015 മുതല്‍ സൃഷ്ടിച്ചത് ആകെ ഒരുകോടി തൊഴില്‍ അവസരങ്ങള്‍ മാത്രമെന്നും സര്‍വേ റിപ്പോര്‍ട്ട്. എന്നാല്‍ മാര്‍ച്ചില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറായിട്ടില്ല.

തൊഴില്‍ മന്ത്രാലയത്തിന്റെ സര്‍വേയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രചാരണങ്ങള്‍ നടത്തിയ മുദ്ര ലോണ്‍ പദ്ധതി പരാജയമെന്ന് കണ്ടെത്തിയത്. ആകെ 20 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് ലോണ്‍ ഉപയോഗിച്ച് വ്യവസായം ആരംഭിച്ചതും. രാജ്യത്തു അനേകം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാ തോരാതെ സംസാരിക്കുന്നുണ്ടെങ്കിലും തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെ സൃഷ്ടിച്ചത് ആകെ ഒരു കോടി തൊഴില്‍ അവസരങ്ങള്‍ മാത്രം.

സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നല്‍കിയ ലോണില്‍ 10 ശതമാനത്തില്‍ താഴെമാത്രമാണ് ഇതിനായി വിനിയോഗിച്ചത്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനം അനുസരിച്ച് തൊഴിലില്ലായ്മയുടെ നിരക്ക് ഏറ്റവും കൂടുതല്‍ ആണ് റിപ്പോര്‍ട്ട് ചെയ്ത്തത്. 2017-18 കാലയളവില്‍ 6.1 ആണ് തൊഴിലില്ലായ്മ നിരക്ക്. ഈ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തൊഴില്‍ മന്ത്രാലം സര്‍വേ നടത്തിയതും. ഇതിന് പുറമെയാണ് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം കൂടി രൂക്ഷമാകുന്നത്.

വാഹനമേഖലയില്‍ മാത്രം 30 ലക്ഷം പേര്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടപ്പെട്ടു. പാര്‍ലെ ബിസ്‌കറ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടു. ടെക്സ്റ്റൈല്‍മേഖലയില്‍ തമിഴ്‌നാട്ടില്‍ 25 മില്‍ പൂട്ടി. കോയമ്പത്തൂരിലും തിരുപ്പുരിലുമെല്ലാം തുണിവ്യവസായം തകര്‍ന്നു. തമിഴ്നാട്, കര്‍ണാടകം, പഞ്ചാബ്, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളില്‍ എത്രയോ ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഇതിനകം അടച്ചു. എന്നിട്ടും ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും, തൊഴില്‍ നഷ്ടപ്പെടുന്ന സഹചര്യമോ തൊഴില്‍ ഇല്ലായ്മയോ ഇല്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News