പാലായില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടു സ്ഥാനാര്‍ത്ഥികള്‍; ജോസഫ് ഗ്രൂപ്പ് നേതാവും നാമനിര്‍ദേശപത്രിക നല്‍കി; നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി

കോട്ടയം: പാലായില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ പിജെ ജോസഫിന്റെ നീക്കത്തെ ഗൗരവത്തോടെയാണ് യുഡിഎഫ് നേതൃത്വം കാണുന്നതെന്ന് ജോസ് കെ മാണി.

വിമത നീക്കമായാണ് ഇതിനെ കാണുന്നത്. യുഡിഎഫ് ഉണ്ടാക്കിയ ധാരണകള്‍ക്ക് വിരുദ്ധമാണിത്. പാലയില്‍ കെഎം മാണിയാണ് ചിഹ്നം. ആ സ്മരണകള്‍ ഇല്ലാതാക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്നും ചിഹ്നത്തിനുള്ള നിയമപരമായ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചത്. സ്ഥാനാര്‍ത്ഥിക്കൊപ്പം പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും എത്തിയിരുന്നു.

എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് താന്‍ ജോസഫ് കണ്ടത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ലെന്നും ജോസഫ് വരണാധികാരിയെ അറിയിച്ചു.

രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം വരണാധികാരിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് വരണാധികാരിക്ക് കത്ത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here