”എന്റെ ഇക്കയെ മോഹനന്‍ എന്ന കൊലയാളി കൊന്നതാണ്”; മോഹനന്‍ നായര്‍ വന്‍കുരുക്കിലേക്ക്

കോഴിക്കോട്: വ്യാജവൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ ആരോപണവുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ സച്ചു ആയിഷ.

സച്ചു ആയിഷയുടെ വാക്കുകള്‍:

എന്റെ ഇക്കാക്ക മരിച്ചത് പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചാണ്. മരിച്ചതല്ല, മോഹനന്‍ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനന്‍ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്.

ആശുപത്രി കിടക്കയില്‍ നിന്നു പോലും അക്കുക്കാക്ക പറഞ്ഞത് എന്നെങ്കിലും ഞാനീ ബെഡ്ഡീന്നു എണീക്കാണെങ്കില്‍ ആദ്യം പോവുക അയാളുടെ അടുത്തേക്കാണെന്നായിരുന്നു.

ആ മനുഷ്യന്‍ കാരണം അത്രയേറെ വേദന തിന്നിട്ടുണ്ട് അക്കുക്കാക്ക. ചികിത്സക്ക് എത്തുന്നവര്‍ക്ക് ആദ്യം തന്നെ അയാളുടെ വക ഒരു ബോധവത്കരണ ക്ലാസുണ്ടാവും. വിലയേറിയ മരുന്നുകള്‍ അയാള്‍ പറയുന്ന സ്ഥലത്ത് നിന്ന് തന്നെ വാങ്ങണം.

ഭക്ഷണരീതികളിലൊക്കെ പൂര്‍ണമായും മാറ്റം വരുത്തി. ഭക്ഷ്യവസ്തുക്കള്‍ പോലും അയാള്‍ പറയുന്ന കടയില്‍ നിന്നായിരുന്നു വാങ്ങേണ്ടത്.കാന്‍സര്‍ എന്നൊരു അസുഖമേ ഇല്ല എന്നായിരുന്നു അയാളുടെ വാദം. നൂറു ശതമാനം അസുഖവും മാറ്റിത്തരാമെന്ന് അയാള്‍ ഉറപ്പ് പറഞ്ഞിരുന്നു.

എങ്ങനെയെങ്കിലും അസുഖം മാറട്ടെയെന്ന് കരുതി ഇയാള്‍ പറയുന്ന മരുന്നുകളൊക്കെ കഷ്ടപ്പെട്ട് രോഗി കഴിച്ചു തുടങ്ങും. യാതൊരുവിധ എഴുത്തോ ശീട്ടോ ഒന്നുമുണ്ടാവില്ല. വെറും വയറ്റില്‍ എണ്ണയും മറ്റുമടങ്ങിയ പച്ച മരുന്നുകള്‍ ചവര്‍പ്പോടു കൂടി ഒരു മാസത്തോളം കഴിച്ചതിന്റെ ഭാഗമായി ഇക്കാക്കാന്റെ വയറ് വല്ലാതെ വീര്‍ത്ത് ശ്വാസം മുട്ടാന്‍ തുടങ്ങി. മോഹനനെ വിളിച്ചപ്പോള്‍ അയാള്‍ അമേരിക്കയിലാണെന്നും പറഞ്ഞു മുങ്ങി നടപ്പായിരുന്നു.

അപ്പോഴേക്കും രോഗം വല്ലാതെ മൂര്‍ച്ഛിച്ചിരുന്നു. വയറാകെ വീര്‍ത്ത് നീര് വെച്ചിരുന്നു.നീര് കുത്തിയെടുത്തതാണ് പിന്നീട്. തുടര്‍ന്ന് മിംസില്‍ അഡ്മിറ്റ് ആവുകയും ഒരു മാസം കൊണ്ട് ഇക്കാക്ക മരിക്കുകയും ചെയ്തു. അക്കുക്കാക്കക്ക് 33 വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. വയറുവേദന ആയിട്ട് ഗള്‍ഫിന്നു നാട്ടില്‍ വന്നതായിരുന്നു. വന്നതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ തന്നെ മരിക്കുകയും ചെയ്തു.

മോഹനന്‍വൈദ്യരുടെ കെണിയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും അല്ലെങ്കില്‍ കുറച്ചുകാലം കൂടിയെങ്കിലും അക്കുക്കാക്ക ഞങ്ങളെ കൂടെയുണ്ടാവുമായിരുന്നു. ഇമ്മേമയുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. 24 വയസ്സില്‍ മോട്ടുവിനു ഭര്‍ത്താവിനെ നഷ്ടപ്പെട്ടു.
ഒന്നര വയസ്സായ അമി മോളെയും നാല് വയസ്സായ അയ മോളെയും കണ്ണ് നിറച്ചൊന്നു കാണാന്‍ പോലും അക്കുക്കാക്കക്ക് കഴിഞ്ഞിട്ടില്ല.

ഇതുപോലെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ മോഹനന്‍ എന്ന ചതിക്കപ്പുറമുണ്ട്. കൂടുതല്‍ ആളുകളിലേക്കെത്തിക്കേണ്ടതും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടതും ഇത് പോലെ മരണപ്പെട്ടു പോയ ആളുകളോട് ചെയ്യേണ്ട നീതിയാണ്.

ഇപ്പോ അയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും ആ കേസ് ശക്തമായി മുമ്പോട്ട് പോവണമെങ്കില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതായുണ്ട്. വ്യാജ വൈദ്യന്മാര്‍ മോഹനന്‍ എന്ന ഒരാളില്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. തുറന്നു കാണിക്കണം അത്തരം എല്ലാ കള്ളനാണയങ്ങളെയും. ചര്‍ച്ച ചെയ്യപ്പെടണം. ഇതെങ്കിലും എനിക്ക് അക്കുക്കാക്കക്ക് വേണ്ടി ചെയ്യേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here