നെടുങ്കണ്ടം കസ്റ്റഡി മരണം; ആവശ്യമെങ്കില്‍ ഉന്നതരെയും വിസ്തരിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ആവശ്യമെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വിസ്തരിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. കമ്മീഷന്‍ തൊടുപുഴയില്‍ നടത്തിയ സിറ്റിങ്ങില്‍ രാജ്കുമാറിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പത്ത് പേര്‍ മൊഴി നല്‍കി.

രാജ്കുമാറിന്റെ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ നിര്‍ണ്ണായക വിവരങ്ങളാണ് കമ്മീഷന് ലഭിച്ചിരുന്നത്. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായതിന്റെ വ്യക്തമായ തെളിവുകള്‍ കമ്മീഷന് ലഭിച്ചിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്‍ സിറ്റിങ് നടത്തുന്നത്. തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ രാജ്കുമാറിന്റെ ഭാര്യ വിജയ, മകൻ, ഭാര്യമതാവ് എന്നിവർ മൊഴി നല്‍കി.കൂടാതെ, സാമ്പത്തിക തട്ടിപ്പ് കേസിലെ ഒന്നും രണ്ടും പ്രതികളായ മഞ്ജുവും ശാലിനിയും ഉൾപ്പെടെയുള്ളവർ മൊഴി നല്‍കാനെത്തി. കേസിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വൈകാതെ മൊഴിയെടുക്കും.

പട്ടിക തയ്യാറാക്കിയുള്ള സാക്ഷി വിസ്താരം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. സെപ്തംബർ അവസാനം വീണ്ടും സിറ്റിങ് നടത്തും. പീരുമേട് സബ് ജയിലിൽ റിമാന്റിൽ കഴിയവെ ജൂൺ 21നായിരുന്നു വാഗമൺ സ്വദേശിയായ രാജ്കുമാർ മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here