ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുളള ഏഴു ജീവനക്കാരെ മോചിപ്പിച്ചു.

സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് കപ്പലിലെ ജീവനക്കാരായിരുന്ന 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയും വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷനാണ് റിപ്പോര്‍ട്ടു ചെയ്തത്.

മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവര്‍ക്ക് ഉടന്‍ ഇറാന്‍ വിടാനാകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്‌നങ്ങളില്ലെന്നും എണ്ണക്കപ്പല്‍ രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ ജൂലൈ 19നാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 പിടികൂടിയതിനു പകരമായാണ് ഈ ടാങ്കര്‍ ഇറാന്‍ ജൂലൈയില്‍ പിടികൂടിയത്. ഗ്രേസ് 1 കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. ഈ കപ്പല്‍ സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.