പാലാ ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ യുഡിഎഫ്‌ ഛിന്നഭിന്നമാകുമെന്ന് കോടിയേരി ബാലകൃ്‌ഷണൻ

ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താൻപോലും യോജിപ്പിലെത്താൻ യുഡിഎഫിന്‌ സാധിക്കുന്നില്ലെന്ന്‌ കോടിയേരി ബാലകൃ്‌ഷണൻ. പാലായിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഐക്യജനാധിപത്യ മുന്നണി ഛിന്നഭിന്നമാകും. ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർദ്ധിപ്പിക്കുന്ന വിധിയാണ്‌ പാലായിൽ മതനിരപേക്ഷ ജനത പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കൂട്ടായ തീരുമാനത്തിലൂടെ സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫിന്‌ സാധിക്കുന്നില്ല. കഴിഞ്ഞ തവണ വെറും നാലായിരത്തോളം വോട്ടുകൾക്കാണ്‌ ഇടതുപക്ഷം പാലായിൽ പരാജയപ്പെട്ടത്‌. പാലായിൽ ഇത്തവണ രാഷ്‌ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ കാർഷിക പ്രതിസന്ധി രൂക്ഷമായി. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരുമ്പോൾ സംഘപരിവാർ തീവ്രവർഗീയത ഉയർത്തുന്നു. പ്രതിപക്ഷമില്ലാത്ത രാജ്യത്തിനായി ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസിന്‌ ചങ്കുറപ്പില്ലാത്ത നിലപാടുകളാണുള്ളത്‌. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ്‌ വിപ്പ്‌ കാശ്‌മീർ വിഷയത്തിൽ പ്രതിഷേധിച്ച്‌ പാർടിയിൽ നിന്ന്‌ ഒഴിവായി. ഇന്ത്യയിൽ ബദൽ ശബ്‌ദമുയർത്താൻ ഇടതുപക്ഷം ശക്തമാകണം. ബദൽ രാഷ്‌ട്രീയത്തിന്‌ രാജ്യം ഉറ്റുനോക്കുന്നത്‌ കേരളത്തെയാണ്‌. മതനിരപേക്ഷമായി ജീവിക്കാനാവുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ്‌ കേരളം. ആ പോരാട്ടം പാലാ ഉപതെരഞ്ഞെടുപ്പിലൂടെ ശക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷസർക്കാറിനെ ദുർബലപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്ത്‌ തോൽപ്പിക്കണം. ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർദ്ധിക്കണം. ഇതിനായുള്ള വിധിയാണ്‌ പാലായിൽ ഉണ്ടാവേണ്ടത്‌. സാമൂഹ്യനീതിയിലധിഷ്ടിതമായ സമഗ്രവികസനമാണ്‌ കേരളത്തിലെ ഇടതുസർക്കാർ നടത്തുന്നത്‌. പുതിയ കേരളം സാധ്യമാണെന്ന്‌ സർക്കാർ തെളിയിക്കുന്നു. മൂന്ന്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി.

ജെൻഡർ ബഡ്‌ജറ്റും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വകുപ്പ്‌, തുടങ്ങിയ ഇടപെടലുകൾ സർക്കാർ നടത്തി. ഒരുലക്ഷം കർഷകർക്ക്‌ സർക്കാർ പട്ടയം നൽകി. റബർ മേഖലയെ രക്ഷിക്കാൻ സിയാൽ മാതൃകയിൽ കോട്ടയത്ത്‌ കമ്പനി തുടങ്ങാൻ സർക്കാർ തീരമാനിച്ചിരിക്കുകയാണ്‌. ലൈഫ്‌ പദ്ധതിയിൽ 5ലക്ഷം വീടുകൾ നിർമിച്ച്‌ നൽകും. 50000 വീടുകൾ പൂർത്തീകരിച്ചുകഴിഞ്ഞു. ഒരുവർഷത്തിനകം രണ്ട്‌ ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിതകേരളം പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദവികസനം സർക്കാർ നടപ്പാക്കുന്നു. വിദ്യാഭ്യാസ രംഗത്തെ വാണിജ്യവൽക്കരണം അവസാനിപ്പിച്ചു. ആശുപത്രികളിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. പൊതുമേഖലയെ മൂന്ന്‌വർഷം കൊണ്ട്‌ 256കോടി രൂപ ലാഭത്തിലാക്കി. ഇത്‌ ഇടതുപക്ഷത്തിന്റെ ബദൽ കാഴ്‌ചപ്പാടിലൂടെയാണ്‌ സാധ്യമായത്‌.

യുഡിഎഫ്‌ സർക്കാരുകളുടെ അഴിമതികളുടെ സാമ്പിളുകളാണ്‌ ടൈറ്റാനിയം അഴിമതിയും പാലാരിവട്ടം പാലം അഴിമതിയും. അഴിമതി ഉണ്ടാകരുത്‌ എന്ന്‌ ആഗ്രഹിക്കുന്ന ജനത ഇടതുപക്ഷത്തോടൊപ്പം അണിനിരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here