ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടന്ന പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിന് വിധേയനായ യുവാവ് മരിച്ചു. ശ്രീനഗര്‍ സ്വദേശി അസ്റാന്‍ മുഹമ്മദ് ഖാനാണ് ചികിത്സക്കിടെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്ലൈമേ മാധ്യമായയ ദി വയർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . വെടിയേറ്റ പരിക്കുകളൊന്നും അസ്റാന്റെ ദേഹത്തില്ലെന്നാണ് പൊലീസ് പ്രതികരണം.അതേസമയം ഗുരുതര പരിക്കുകളുള്ള നിരവധി പേര്‍ പൊലീസ് നടപടി ഭയന്ന് ചികിത്സ തേടാതെ വീടുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിറ്റേന്ന് ആഗസ്റ്റ് 6ന് സൌറയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ വച്ചാണ് അസ്റാന്‍ മുഹമ്മദ് ഖാന് വെടിയേറ്റത്. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഷോര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെടിയേറ്റ പാടുകളൊന്നും അസറാന്റെ ശരീരത്തിലില്ലെന്നാണ് പൊലീസ് പ്രതികരണം. സംഭവത്തിന് പിന്നാലെ പ്രതിഷേധ സാധ്യത മുന്നില്‍കണ്ട് പൊലീസ് ശ്രീനഗര്‍ മേഖലയില്‍ സുരക്ഷനിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.

അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ നടന്ന പെല്ലറ്റ് ആക്രമണത്തിലും വെടിവെപ്പിലും ഗുരുതര പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടാവി വീടുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 200ല്‍ അധികം യുവാക്കള്‍ ഇത്തരത്തില്‍ വീടുകളിലുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ആശുപത്രികളില്‍ ചികിത്സ തേടിയാല്‍ പൊലീസ് പിടികൂടാനിടയുണ്ടെന്ന ഭയത്തെ തുടര്‍ന്നാണ് ഇത്തരമൊരു സമീപം.പരിക്കുകള്‍ ചികിത്സിക്കാന്‍ ചിലയിടങ്ങളില്‍ ഒരു കൂട്ടം യുവാക്കള്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്.ഇവരുടെ സഹായം തേടുന്നവരാണ് ഏറെയും.ടിയര്‍ ഗ്യാസ് അടക്കമുള്ളവയുടെ ഉപയോഗം മൂലം പ്രായമായവരും കുട്ടികളും രോഗബാധിതരായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.