ഡൽഹി സർവകലാശാലയിൽ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകരെ ആക്രമിച്ച്‌ എബിവിപിക്കാർ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞ്‌ വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചു. അവസാന ദിവസമായ ബുധനാഴ്‌ച പത്രികസമർപ്പിക്കാൻ രണ്ടുതവണ ശ്രമിച്ചെങ്കിലും സംഘടിത ആക്രമണത്തിലൂടെ എബിവിപിക്കാർ തടഞ്ഞു. നോർത്ത്‌ ക്യാമ്പസിലെ ആർട്ട്‌ ഫാക്കൽറ്റി ഗേറ്റിനുമുന്നിൽവെച്ചാണ്‌ ആക്രമണം ഉണ്ടായത്‌. കാഴ്‌ചയ്‌ക്ക്‌ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥി പരമാനന്ദ്‌ ശർമ, എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ വികാസ്‌ ബന്ദൗരിയ എന്നിവരെ എബിവിപിക്കാർ ക്രൂരമായി മർദ്ദിച്ചു. ജനറൽസെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന എഐഎസ്‌എഫ്‌ സ്ഥാനാർത്ഥിയായ പരമാനന്ദിന്റെ നാമനിർദ്ദേശ പത്രികയും നശിപ്പിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്‌ക്ക്‌ രണ്ടരയോടെയാണ്‌ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകർ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്‌. എബിവിപിക്കാർ നാമനിർദ്ദേശപത്രിക കീറിക്കളഞ്ഞു. 2.55ന്‌ വീണ്ടും സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ആക്രമിച്ച്‌ നാമനിർദ്ദേശപത്രിക കീറിയെറിഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ക്രൂരമായ ആക്രമണങ്ങളിലൂടെയും ജനാധിപത്യവിരുദ്ധമാർഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള എബിവിപിയുടെ നീക്കം അംഗീകരിക്കില്ലെന്ന്‌ എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടുമെന്ന്‌ എസ്‌എഫ്‌ഐ അറിയിച്ചു.

എബിവിപിക്കാരുടെ നേതൃത്വത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ സംഘടിതമായ ആക്രമണങ്ങളാണ്‌ ക്യാമ്പസിൽ നടക്കുന്നത്‌. കഴിഞ്ഞ ആഴ്‌ച പോസ്‌റ്ററൊട്ടിക്കുന്നതിനിടെ ആയുധങ്ങളുമായി കാറിലെത്തിയ എബിവിപിക്കാർ എസ്‌എഫ്‌ഐ നേതാക്കളെ മർദ്ദിച്ചിരുന്നു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ കട്ടാരിയ, ഹിമാൻഷു, നോയൽ എന്നിവർക്ക്‌ വിജയ്‌ നഗറിൽവെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു. വാലന്റൈൻസ്‌ ദിനത്തിൽ പെൺകുട്ടികളെ അപമാനിക്കുന്നതരത്തിൽ നടത്തിയ ആഘോഷം എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ പെൺകുട്ടികൾ ചോദ്യം ചെയ്‌തത്‌ സംഘർഷത്തിൽ കലാശിച്ചിരുന്നു. എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ഇടതുവിദ്യാർത്ഥി സംഘടനകൾ നടത്തിയ ഡൽഹി ചലോ മാർച്ചിന്റെ പ്രചരണത്തിനിടെ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം നിതീഷ്‌ നാരയണനടക്കം മർദ്ദനമേറ്റു.