ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ മുത്തൂറ്റ്‌ 15 ശാഖ പൂട്ടി; സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ മുൻ യൂണിയൻ നേതാവും

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ യൂണിയൻ ഭാരവാഹികൾ ജോലിചെയ്യുന്ന 15 ശാഖകൾ മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. ശമ്പളവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ (സിഐടിയു)  നേതൃത്വത്തിൽ രണ്ടാഴ്‌ചയായി ജീവനക്കാർ സമരത്തിലാണ്‌.

സമരം മൂലം ശാഖകൾ പൂട്ടേണ്ട അവസ്ഥയിലാണെന്നാണ്‌ മാനേജ്‌മെന്റ്‌ പറഞ്ഞുകൊണ്ടിരുന്നത്‌. എന്നാൽ നല്ല ബിസിനസ്‌ നടന്നിരുന്ന ശാഖകളാണ്‌ ജീവനക്കാരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി ബുധനാഴ്‌ച പൂട്ടിയത്‌.

എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്‌, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 15 ശാഖകൾ അടച്ചതായി ബുധനാഴ്‌ചത്തെ പത്രങ്ങളിൽ മുത്തൂറ്റ്‌ മാനേജ്‌മെന്റ്‌ അറിയിപ്പ്‌ നൽകി.

പൂട്ടാനുണ്ടായ കാരണം പറയുന്നില്ല. എറണാകുളം കതൃക്കടവ്‌ ശാഖയാണ്‌ പൂട്ടിയതിൽ ഒന്നാമത്തേത്. സമരത്തിന്‌ നേതൃത്വം നൽകുന്ന അസോസിയേഷന്റെ മുത്തൂറ്റ്‌ യൂണിറ്റ്‌ സെക്രട്ടറി നിഷ കെ ജയൻ മാനേജരായി ജോലിചെയ്യുന്ന ശാഖയാണിത്‌.

സംസ്ഥാന ട്രഷറർ ശരത്‌ ബാബു ജോലി ചെയ്യുന്ന പൊന്നാരിമംഗലം ശാഖ, എറണാകുളം റീജിയൻ സെക്രട്ടറി കെ കെ ബിനോയ്‌ ജോലിചെയ്യുന്ന പനങ്ങാട്‌ ശാഖ, റീജണൽ വൈസ്‌ പ്രസിഡന്റ്‌ വിജ രൂപേഷ്‌ ജോലിചെയ്യുന്ന കങ്ങരപ്പടി ശാഖ എന്നിവയാണ്‌ എറണാകുളത്ത്‌ പൂട്ടിയത്‌. ലാഭത്തിൽ പ്രവർത്തിക്കുന്നവയാണ്‌ എല്ലാം.

അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയംഗം പി പ്രേംജിത്‌ ജോലിചെയ്യുന്ന, ഉയർന്ന ലാഭത്തിൽ പ്രവർത്തിക്കുന്ന പുനലൂർ ശാഖയും പൂട്ടിയതിൽപ്പെടും. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി പ്രമോദ്‌ (കോട്ടയ്‌ക്കൽ ശാഖ), സംസ്ഥാന കമ്മിറ്റിയംഗം ദീപക്‌ (മലപ്പുറം–- ഡൗൺഹിൽ), റീജണൽ കമ്മിറ്റിയംഗം രാഹുൽ ഗുപ്‌ത (സുൽത്താൻ ബത്തേരി), തിരുവനന്തപുരം നോർത്ത്‌ റീജണൽ സെക്രട്ടറി എൻ ലിജു സിങ് (ഉള്ളൂർ), സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിജു എസ്‌ നായർ (കുമളി), മനോജ്‌കുമാർ (പത്തിരിപ്പാലം, പാലക്കാട്‌), കോട്ടയം റീജണൽ സെക്രട്ടറി രതീഷ്‌ കെ ദാസ്‌ (തെങ്ങണ), കൊല്ലം റീജണൽ കമ്മിറ്റിയംഗം ബാലചന്ദ്രൻ (ഭരണിക്കാവ്‌) എന്നിവർ ജോലിചെയ്യുന്ന ശാഖകളാണ്‌ പൂട്ടിയ മറ്റുള്ളവ. അമ്പതോളം ജീവനക്കാർക്ക്‌ ജോലി നഷ്‌ടമാകും.

ജീവനക്കാരുടെ സംഘടന രൂപീകരിച്ചതു മുതൽ കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന്‌ മാനേജ്‌മെന്റ്‌ ഭീഷണിമുഴക്കിയിരുന്നു. 625 ശാഖയുള്ളതിൽ 300 എണ്ണം പൂട്ടുമെന്നാണ്‌ പുതിയ ഭീഷണി.

സമരത്തെ കരിവാരിത്തേയ്‌ക്കാൻ മുൻ യൂണിയൻ നേതാവും

മുത്തൂറ്റ്‌ ഫിനാൻസ്‌ ഹെഡ്‌ ഓഫീസിന്‌ മുന്നിൽ ജീവനക്കാർ നടത്തിയ സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ പൊതുമേഖലാ ബാങ്കിൽ ജീവനക്കാരുടെ അവകാശങ്ങൾക്കായി മുമ്പ്‌ സമരം നയിച്ചവരും. ബാങ്ക്‌ ജീവനക്കാരുടെ ഏറ്റവും വലിയ അസോസിയേഷൻ എന്ന്‌ സ്വയം പുകഴ്‌ത്തുന്ന സംഘടനയുടെ മുൻ സംസ്ഥാന നേതാവാണ്‌ കരിങ്കാലിപ്പണിയുമായെത്തിയത്‌.

കനറാ ബാങ്കിൽനിന്ന്‌ വിരമിച്ച്‌ അരലക്ഷം രൂപയിലേറെ പെൻഷൻ വാങ്ങുന്ന ഇദ്ദേഹം നിലവിൽ മുത്തൂറ്റിലെ അസിസ്‌റ്റന്റ്‌ ജനറൽ മാനേജരാണ്‌. വിവിധ പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ വിരമിച്ചവർ മുത്തൂറ്റ്‌ ഉൾപ്പെടെയുള്ള സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളിൽ ഉയർന്ന തസ്‌തികകളിലുണ്ട്‌.

തങ്ങൾ ജോലിചെയ്‌ത ബാങ്കുകളിലെ മെച്ചപ്പെട്ട ഇടപാടുകാരെയും ഇവർ സ്ഥാപനത്തിലേക്ക്‌ അടർത്തിക്കൊണ്ടുപോരും. റൈറ്റ്‌ ടു വർക്ക്‌ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച്‌ മുത്തൂറ്റ്‌ മുതലാളിക്ക്‌ മുന്നിലും പിന്നിലും നിന്നവരിലേറെയും ഇത്തരക്കാരായിരുന്നു.

27 വർഷം സർവീസ്‌; ശമ്പളം 17,000

ജീവനക്കാർക്ക്‌ ഉയർന്ന ശമ്പളമെന്ന മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റിന്റെ വാദം പൊളിഞ്ഞു. 9000 രൂപ ശമ്പളമുള്ളവരും മുത്തൂറ്റിലുണ്ടെന്നതിന്‌ തെളിവായി ശമ്പള സ്ലിപ്പ്‌. ക്ലർക്ക്‌ മുതലുള്ള ജീവനക്കാർക്ക്‌ ശമ്പളം 18,000 രൂപയിൽ കൂടുതലാണെന്ന്‌ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലും മാനേജ്‌മെന്റ്‌ അവകാശപ്പെട്ടിരുന്നു.
13,000 രൂപവരെ മാത്രമാണ്‌ ക്ലർക്കുമാരുടെ ശമ്പളം. 27 വർഷത്തെ സർവീസുള്ള, 17,000 രൂപ മാത്രം ശമ്പളം വാങ്ങുന്നവരുമുണ്ട്‌. ഇതിൽ 1000 രൂപ പെട്രോൾ അലവൻസാണ്‌.

ശമ്പള വർധനയും നിയതമായ ശമ്പള വ്യവസ്ഥയും വേണമെന്നാണ്‌ സമരത്തിലെ പ്രധാന ആവശ്യം. വടക്കേ ഇന്ത്യയിൽ ശാഖകളുണ്ടെങ്കിലും എല്ലായിടത്തും വ്യത്യസ്‌ത ശമ്പളവും സേവനവ്യവസ്ഥകളുമാണെന്ന്‌ ജീവനക്കാർ പറഞ്ഞു. ഡൽഹിയിലും മുംബൈയിലും ഉയർന്ന ശമ്പളമാണുള്ളത്‌. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കുറവാണ്‌. കേരളത്തിൽ ഇവിടത്തെ നിലവാരത്തിൽ നൽകുന്നില്ല. അതിൽത്തന്നെ ഒരേ തസ്‌തികയിലുള്ളവർക്ക്‌ വ്യത്യസ്‌ത ശമ്പളവും നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here