സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക്‌ പുതുജീവൻ നൽകാനാകൂ; നിയോലിബറൽ പദ്ധതിയിൽ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല – പ്രകാശ് കാരാട്ടിന്റെ വിശകലനം

സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാർത്തകൾ പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനമാണ്. തൊഴിൽ മേഖല വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം അത്യന്തം അപായകരമായി തീർന്നിരിക്കുന്നു. ഏതാണ്ട് മൂന്നരലക്ഷം തൊഴിലുകളാണ് ഓട്ടോമൊബൈൽ മേഖലയിൽ നഷ്ടപ്പെട്ടത്. ഇത്‌ കൂടാനാണ് സാധ്യത.

രാജ്യത്തെ വൻകിട ബിസ്‌കറ്റ്‌ ഉൽപ്പാദകരായ പാർലെ  10,000 തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുമെന്നാണ് പറഞ്ഞത്‌. കോർപറേറ്റുകൾ മാന്ദ്യത്തെ പ്രയോജനപ്പെടുത്തുന്നത്, തൊഴിലുകൾ വെട്ടിക്കുറയ്‌ക്കാനും  ലാഭം അതേപോലെ നിലനിർത്താനുമാണ്.

2017–-18ൽ രാജ്യത്ത് 6.1 ശതമാനത്തിൽ എത്തിയ തൊഴിലില്ലായ്‌മാ നിരക്ക്, കഴിഞ്ഞ 45 വർഷത്തേതിൽ ഏറ്റവും ഉയർന്നതാണെന്ന്‌ വ്യക്തമാകുന്ന ദേശീയ സാമ്പിൾ സർവേ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിവിധ മേഖലകളിലെ ഈ വർധിച്ചുവരുന്ന തൊഴിൽ നഷ്ടം. രാജ്യത്തെ ആകെയുള്ള തൊഴിൽ 2011–-12ലേതിനേക്കാൾ 15 ദശലക്ഷത്തിന്റെ കുറവാണ് 2017–-18ൽ കാട്ടുന്നത്. നോട്ടു റദ്ദാക്കലിന്റെയും ജിഎസ്ടി അടിച്ചേൽപ്പിച്ചതിന്റെയും ദോഷഫലങ്ങളാണ്‌ മാന്ദ്യത്തിനും സർക്കാരിന്റെ റവന്യൂ വരുമാനം കുത്തനെ ഇടിയുന്നതിനും കാരണമായിട്ടുള്ളത്‌.

ഈ സാഹചര്യത്തെ എങ്ങനെ മറികടക്കണമെന്ന കാര്യത്തിൽ മോഡി സർക്കാരിന് ഒരു നിശ്ചയവുമില്ല. സ്വാധീനിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയിട്ടും സ്വകാര്യ മൂലധനം കടന്നുവരുന്നേയില്ല. കോർപറേറ്റ് നിക്ഷേപം കഴിഞ്ഞവർഷത്തെ 10.33 ട്രില്യണിൽനിന്ന് 4.25 ട്രില്യണായി, 60 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്‌.  സമ്പദ്‌ വ്യവസ്ഥയുടെ പ്രധാന പ്രശ്നം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചോദനത്തിന്റേതാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മയും  ഉള്ള തൊഴിലിന്റെ കൂലിക്കുറവും കാരണം ജനങ്ങളുടെ വാങ്ങൽക്കഴിവ് ചുരുങ്ങുന്നതിനാൽ ഉപഭോക്തൃസാധനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള ഡിമാന്റ്‌  കുറയുന്നു. ഗ്രാമീണമേഖലയിൽ യഥാർഥ കൂലിയിലുള്ള സ്‌തംഭനാവസ്ഥ ആ മേഖലയിലെ ഡിമാന്റിനെയും ബാധിച്ചിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് നിക്ഷേപങ്ങൾ വർധിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ  പുനരുജ്ജീവിപ്പിക്കാനുമായി സർക്കാർ നടപടികളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിക്കുന്നത്. വിദേശസ്ഥാപന നിക്ഷേപകർ(എഫ്ഐഐ) നൽകേണ്ടിയിരുന്ന ആദായനികുതിക്കുമേലുള്ള അഡീഷണൽ സർചാർജ് വേണ്ടെന്നു വച്ചും സ്റ്റാർട്ടപ്പുകൾക്ക് ചുമത്തിയിരുന്ന എയ്ഞ്ചൽ ടാക്‌സ്‌ ഒഴിവാക്കിക്കൊടുത്തും 70,000 കോടി ബാങ്കുകൾക്കും 20,000 കോടി ഹൗസിങ് ധനസ്ഥാപനങ്ങൾക്കും വായ്‌പയായി നൽകിയുമുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം ഈയൊരു സാഹചര്യത്തിലാണ്‌ ഉണ്ടായത്‌.

പക്ഷേ, ചോദനക്കുറവിന്റെയും ഭീകരമായ തൊഴിലില്ലായ്‌മയുടെയും  പ്രശ്നങ്ങൾ പരിഹരിക്കാനും വളർച്ചത്തോത് കൂട്ടാനുമൊന്നും ഇതുകൊണ്ടാവില്ല. വിദേശനിക്ഷേപ ഒഴുക്കിന്മേൽ ഒരു സർചാർജ് ചുമത്തുമെന്ന ബജറ്റ് നിർദേശം വരേണ്ട താമസം, ഇന്ത്യൻ വിപണിയിൽനിന്ന് മൂന്ന്‌ ബില്യൺ ഡോളറും പിൻവലിച്ച് വിദേശസ്ഥാപന നിക്ഷേപകർ നാടുവിട്ടു. അതോടെ സർക്കാരിന് മുട്ടുമടക്കി നികുതി നിർദേശവും പിൻവലിച്ച് പിന്തിരിയേണ്ടിവന്നു.

നിർമല സീതാരാമൻ പ്രഖ്യാപിച്ച നടപടികൾ വിദേശ ചുടുപണ നിക്ഷേപകരെയും ബാങ്കുകളെയും സന്തോഷിപ്പിച്ചേക്കാം. പക്ഷേ,  ഉൽപ്പാദനശേഷി വികസിപ്പിക്കാനോ തൊഴിലവസരം വർധിപ്പിക്കാനോ തെല്ലും സഹായിക്കില്ല.

പലിശനിരക്ക് കുറച്ചുകൊടുക്കുന്നതും ബാങ്കുകൾ വായ്‌പ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുന്നതും സമ്പദ്‌വ്യവസ്ഥയെ സഹായിക്കില്ല. മറിച്ച്‌, കടംകയറിയ വൻ ബിസിനസ് ഹൗസുകൾ ഉയർന്ന പലിശയ്‌ക്കെടുത്ത പഴയ കടം വീട്ടാനും കടമെടുത്ത മര്യാദയില്ലാത്ത ഇടപാടുകാർക്ക് പണം ദുരുപയോഗം ചെയ്യാനുമുള്ള അവസരമൊരുക്കിക്കൊടുക്കും.

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽനിന്നും മിച്ച ഫണ്ടിൽനിന്നുമായി 1.76 ലക്ഷം കോടി രൂപ സർക്കാർ കുത്തിച്ചോർത്തിയിരിക്കുന്നു. ധനകമ്മി കുറയ്‌ക്കുന്നതിനും ജിഎസ്ടി നടപ്പാക്കലും, വൻകിടക്കാർക്കും വിദേശ ഫിനാൻസ് മൂലധനത്തിനും നൽകിയ നികുതിയിളവുകൾ കാരണം വന്നുചേർന്ന റവന്യൂ നഷ്ടം നികത്താനുമാണ് ഈ ഗതികെട്ട നടപടി.

ഈ കാശ് ദേശീയ തൊഴിലുറപ്പുപദ്ധതി, പശ്ചാത്തലവികസനം തുടങ്ങിയ ചോദനം വർധിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നടപടികൾക്കായി ചെലവഴിച്ചില്ലെങ്കിൽ, അത് സമ്പദ് വ്യവസ്ഥയെയും സാധാരണക്കാരുടെ ജീവനോപാധിയെയും സാരമായി ബാധിക്കും. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച്, അതിനുള്ള ഒരു സൂചനയുമില്ല.

സർക്കാർ പ്രഖ്യാപിച്ച മറ്റൊരു നടപടി 10 പൊതുമേഖലാ ബാങ്കുകളെ തമ്മിൽ ലയിപ്പിച്ച് നാലു വൻകിട ബാങ്കാക്കിത്തീർക്കുക എന്നതാണ്. ഇതുവഴി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽനിന്ന് പന്ത്രണ്ടായി  ചുരുങ്ങും. ഇത് നിലവിലുള്ള ശാഖയുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിലേക്കാണ് നയിക്കുക.

സാമ്പത്തികമായ ഉൾച്ചേർക്കൽ എന്ന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യത്തിന് എതിരായിത്തീരും ഈ നടപടി. ഇരട്ടിപ്പ് ഒഴിവാക്കാനെന്നപേരിൽ നൂറുകണക്കിന് ശാഖ അടച്ചുപൂട്ടപ്പെടും. തൊഴിൽശക്തി യുക്തിസഹമാക്കുന്നുവെന്നും പറഞ്ഞ് വൻതോതിൽ തൊഴിലുകൾ വെട്ടിച്ചുരുക്കും.

കൂടുതൽ ശക്തമായ വലിയ ബാങ്കുകളാക്കി മാറ്റുന്നതിനാണ് ഈ ലയനങ്ങളെന്നാണ് സർക്കാരിന്റെ വാചകമടിയെങ്കിലും യഥാർഥ ഉദ്ദേശ്യം സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിലെ ഷെയറുകൾ വിറ്റഴിച്ചുകൊണ്ട് സർക്കാർ ഉടമസ്ഥത 50 ശതമാനത്തിൽനിന്ന്‌ താഴേക്കാക്കി ചുരുക്കിക്കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം.

ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ ഷെയറുകൾ വിറ്റഴിക്കുമെന്നാണ് കേന്ദ്ര ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചത്. സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരത്തിന് 50 ശതമാനത്തിലേറെ ഷെയറുകൾ വേണമെന്നില്ല എന്നാണ് അവരുടെ വാദം. ഇപ്പോഴാണെങ്കിൽ റവന്യൂ വരവ് ചുരുങ്ങിയതുവഴി വർധിച്ചുവരുന്ന ധനകമ്മി നികത്താനായി തിരക്കിട്ട് പൊതുമേഖലാ വിഭവങ്ങൾ കുത്തിച്ചോർത്തുകയാണ്.

സർക്കാരിന്റെ ചെലവിടൽ വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക്‌ പുതുജീവൻ നൽകാനാകൂ. പശ്ചാത്തലവികസനത്തിലും കൃഷിയിലും വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലുമൊക്കെയുള്ള സർക്കാർ നിക്ഷേപം വർധിപ്പിച്ചേ പറ്റൂ. തൊഴിലറുപ്പ്‌ പദ്ധതി വഴി തൊഴിലാളികൾക്ക്‌ കൂലി ലഭിച്ചാലേ ഗ്രാമീണ ചോദന വർധിക്കൂ.

ഒരേ സമയം തൊഴിലും വരുമാനവും ഇതുവഴി സൃഷ്ടിക്കപ്പെടും. നിയോലിബറൽ  പദ്ധതിയിൽ നിന്നും പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല. പ്രത്യേകിച്ചും ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക്‌ നീങ്ങുമ്പോൾ.

മോഡി സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിനെതിരെ തൊഴിലാളി വർഗം പോരാട്ടത്തിന്റെ പാതയിലാണ്‌.ഓർഡനനൻസ്‌ ഫാക്ടറി ബോർഡുകൾ കോർപറേറ്റ്‌വൽക്കരിക്കുന്നതിനെതിരെ 82000 ജീവനക്കാരും 40000 കരാർ തൊഴിലാളികളും അഞ്ച്‌ ദിവസം പണിമുടക്കുകയുണ്ടായി.

തൊഴിലാളികൾ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച്‌ പഠിക്കാൻ ഉന്നത തലസമിതിക്ക്‌ രൂപം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായതിനെ തുടർന്നാണ്‌ സമരം മാറ്റിവെച്ചിട്ടുള്ളത്‌. തൊഴിലും ജീവിതവും സംരക്ഷിക്കാൻ കൂടുതൽ കുടുതൽ തൊഴിലാളികൾ സമരപാതയിലേക്ക്‌ വന്നുകൊണ്ടിരിക്കുകയാണ്‌. തൊഴിലും വളർച്ചയും തടഞ്ഞ്‌, വിദേശ–-വൻകിട മൂലധന താൽപ്പര്യങ്ങൾക്ക്‌ അനുകൂലമായി തുടരുന്ന നയങ്ങൾ ചെറുത്ത്‌ തോൽപിക്കാനും മാറ്റാനും കഴിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News