പി ചിദംബരത്തിന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷകളിൽ ഇന്ന് വിധി പറയും

പി ചിദംബരത്തിന് ഇന്ന് നിർണായക ദിനം.  ഐഎൻഎക്സ് മീഡിയ കേസിൽ സുപ്രീംകോടതിയും, എയർ സെൽ മാക്സിസ് കേസിൽ പ്രത്യേക കോടതിയും മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി പറയും. INX മീഡിയ കേസിൽ കസ്റ്റഡി ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹർജിയും സുപ്രീംകോടതി  പരിഗണിക്കുന്നുണ്ട്. ഹർജി  തീർപ്പ് ആകും വരെ തിഹാർ ജയിലിൽ അയക്കരുതെന്ന ആവശ്യത്തിൽ കോടതി നിർദേശവും ഇന്നുണ്ടാകും.

ഐഎൻഎക്സ് മീഡിയാ കേസിന് പിന്നാലെ  എയർസെൽ മാക്സിസ് കേസിലും പി ചിദംബരത്തിന്റെ അറസ്റ്റിന് വഴി ഒരുങ്ങുമോ,  ചിദംബരം തിഹാർ ജയിലിൽ പോകേണ്ടി വരുമോ എന്നും ഇന്നറിയാം. ഐഎൻഎക്സ് മീഡിയ ഇടപാടിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബെഞ്ച്  രാവിലെ വിധി പറയും.

എയർസെൽ മാക്സിസ്  ഇടപാടിൽ ഇ ഡിയും സിബിഐയും ചിദംബരത്തെ  പ്രതിചേർത്തിട്ടുണ്ട്. യുപിഎ സർക്കാരിൽ ധനമന്ത്രി ആയിരിക്കെ  3500 കോടി രൂപയുടെ എയർസെൽ – മാക്സിസ് ഇടപാടിന്   ചിദംബരം നിയമ വിരുദ്ധമായി അനുമതി നൽകിയെന്നാണ് കണ്ടെത്തൽ. ഈ കേസിലെ മുൻകൂർ ജാമ്യാപേക്ഷകളിലും രാവിലെ ഉത്തരവുണ്ടാകും.

പ്രത്യേക കോടതി ജഡ്ജ് ഒ പി സെയ്നി ആണ് വിധി പറയുക. എയർ സെൽ മാക്സിസ് കേസിൽ മുൻകൂർ ജാമ്യം  കോടതി നിഷേധിക്കുകയാണെങ്കിൽ ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ലഭിച്ചാലും  ചിദംബരത്തിന് രക്ഷയുണ്ടാകില്ല.

അന്വേഷണ ഏജൻസികൾ  എയർസെൽ മാക്സിസ് കേസിൽ ചിദംബരത്തിന്റെ അറസ്റ്റിനായി നീങ്ങും. സിബിഐ കസ്റ്റഡി ഉത്തരവ് ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹർജിയും സുപ്രീംകോടതി  ഇന്ന് പരിഗണിക്കുന്നുണ്ട്.

ഹർജി തീർപ്പാകും വരെ തിഹാർ ജയിലിൽ അയക്കരുതെന്നാണ്  ചിദംബരത്തിന്റെ ആവശ്യം. 15 ദിവസത്തെ കസ്റ്റഡി പൂർത്തി ആയതിനാൽ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് സിബിഐ നിലപാട്. സുപ്രീംകോടതിയിലും  പ്രത്യേക സിബിഐ കോടതിയിലും ഇക്കാര്യം വ്യക്തമാക്കും.

ജുഡീഷ്യൽ കസ്റ്റഡി സംബന്ധിച്ച് സുപ്രീംകോടതി നിർദേശ പ്രകാരമാകും സിബിഐ കോടതി തീരുമാനം.  ചിദംബരത്തെ ഉച്ചയ്ക്ക് സിബിഐ കോടതിയിൽ ഹാജരാക്കും. സിബിഐ കേസിൽ ചിദംബരം നൽകിയ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷമാകും  പ്രത്യേക കോടതി പരിഗണിക്കുക.

പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരിൽ മാധ്യമപ്രവർത്തനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധാ ബാസിൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. നിയന്ത്രണങ്ങളിൽ  ഇപ്പോഴും ഇളവുകൾ ഉണ്ടായിട്ടിലെന്ന് വ്യക്തമാക്കി ഹര്ജിക്കാരി ഇന്നലെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു.

ഹർജിയിൽ കേന്ദ്ര സർക്കാരിന് നേരത്തെ  സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി അധ്യക്ഷൻ ആയ മൂന്ന് അംഗ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News