സാമ്പത്തിക മാന്ദ്യം; മാരുതി സുസുക്കി രണ്ട്‌ നിർമാണ പ്ലാന്റുകൾ അടച്ചിടും

സാമ്പത്തിക മാന്ദ്യത്തിന്റെ തുടർച്ചയായി വാഹന നിർമാണരംഗത്തും പ്രതിസന്ധി രൂക്ഷമാകുന്നു. വിൽപ്പന കുത്തനെ കുറഞ്ഞതോടെ മാരുതി സുസുക്കി രണ്ട്‌ നിർമാണ പ്ലാന്റുകൾ അടച്ചിടും. ഗുരുഗ്രാമിലെയും മനേസറിലെയും കാർനിർമാണ പ്ലാന്റുകൾ രണ്ടുദിവസത്തേക്ക്‌ അടച്ചിടാനാണ്‌ തീരുമാനം.

വാർത്ത പുറത്തുവന്നതോടെ മാരുതിയുടെ ഓഹരിമൂല്യം നാല്‌ ശതമാനത്തിലേറെ ഇടിഞ്ഞു. ഇടത്തരം, ഹെവി വാണിജ്യവാഹനങ്ങൾ നിർമിക്കുന്ന അശോക്‌ ലെയ്‌ലാൻഡും കടുത്ത പ്രതിസന്ധിയിലായി. കമ്പനിയുടെ ആഗസ്‌തിലെ വിൽപ്പന 70 ശതമാനം കുറഞ്ഞു. ഇതോടെ കമ്പനിയുടെ ഓഹരിമൂല്യം ബുധനാഴ്‌ച ആറ്‌ ശതമാനം ഇടിഞ്ഞു.

അടുത്ത ശനിയാഴ്‌ചയും തിങ്കളാഴ്‌ചയുമാണ്‌ ഹരിയാനയിലെ ഗുരുഗ്രാം, മനേസർ പ്ലാന്റുകൾ പൂർണമായും അടച്ചിടാൻ മാരുതി തീരുമാനിച്ചത്‌. വിൽപനമാന്ദ്യം തുടർന്നാൽ മറ്റ്‌ പ്ലാന്റുകളും ഘട്ടംഘട്ടമായി അടിച്ചിടും. 2018 ആഗസ്‌തിൽ 1,68,725 കാറ്‌ ഉൽപ്പാദിച്ചപ്പോൾ 2019ൽ 1,11,370 ആയി കുറഞ്ഞു. 33.99 ശതമാനം കുറവ്‌.

വിൽപ്പനയിൽ ഈ വർഷം മൂന്നിലൊന്ന്‌ ഇടിഞ്ഞു. കഴിഞ്ഞ വർഷം ആഗസ്‌തിൽ 1,58,189 കാറ്‌ വിറ്റപ്പോൾ ഈ ആഗസ്‌തിൽ 1,06,413 ആയി. ആഭ്യന്തരവിൽപ്പനയിൽ 34.3 ശതമാനവും കയറ്റുമതിയിൽ 10.8 ശതമാനവും കുറവുണ്ടായി.

ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൾട്ടോ, വാഗണർ കാറുകളുടെ വിൽപ്പന 71.8 ശതമാനവും സ്വിഫ്‌റ്റ്‌, ഇഗ്നിസ്‌, സെലേറിയോ, ബെലേനോ, ഡിസയർ കാറുകളുടെ വിൽപ്പന 23.9 ശതമാനവും കുറഞ്ഞു. കാർവിൽപ്പന കുറഞ്ഞതോടെ അടുത്തിടെ 3000 താൽക്കാലിക ജീവനക്കാരെ മാരുതി പിരിച്ചുവിട്ടു.

അശോക്‌ ലെയ്‌ലാൻഡ്‌ നിർമിക്കുന്ന ഇടത്തരം,- ഹെവി വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ വർഷം ആഗസ്‌തിൽ 11,135 ആയിരുന്നത്‌ ഈ വർഷം 3,336 ആയി. ചെറിയ വാണിജ്യവാഹനങ്ങളുടെ വിൽപ്പനയാകട്ടെ 4,208ൽ നിന്ന്‌ 3,711 ആയി 12 ശതമാനം ഇടിഞ്ഞു.

ലെയ്‌ലാൻഡ്‌ വാഹനങ്ങളുടെ ആകെ വിൽപ്പന 16,628ൽ നിന്ന്‌ 8,296 ആയാണ്‌ കുറഞ്ഞത്‌. മറ്റ്‌ വാഹനിർമാണ കമ്പനികളും സ്‌പെയർപാർട്‌സ്‌ നിർമാണ കമ്പനികളും കടുത്ത പ്രതിസന്ധിയിലാണ്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here