ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു

ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് മോചിതരായ മറ്റുള്ളവര്‍. ഇവര്‍ കപ്പല്‍ വിട്ടതായി ഇറാന്‍ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ജൂലായ് 19നാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. കപ്പലിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. മോചിതാരാകേണ്ട ജീവനക്കാരെ കപ്പല്‍ ക്യാപ്റ്റന്‍ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് അബ്ബാസ് മൗസാവി അറിയിച്ചു.

മാനുഷിക പരിഗണന നല്‍കിയാണ് മോചനം. എന്നാല്‍, കപ്പലില്‍ അവശേഷിക്കുന്ന 13 ഇന്ത്യക്കാരും രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പൈന്‍ സ്വദേശിയുമടങ്ങുന്ന 16 ജീവനക്കാരുടെ മോചനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

ജൂലായ് നാലിന് ജിബ്രാള്‍ട്ടര്‍ കടലിടുക്കിനു സമീപത്തുനിന്ന് ഇറാന്‍ ഓയില്‍ ടാങ്കറായ ഗ്രേസ് 1 ബ്രിട്ടീഷ് നാവിക സേന പിടികൂടിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ബ്രിട്ടീഷ് എണ്ണ കപ്പല്‍ ഇറാന്‍ പിടികൂടിയത്.

അമേരിക്കയുടെ ശകതമായ എതിര്‍പ്പുകള്‍ തള്ളി ആഗസ്ത് 16ന് ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഇറാന്‍ കപ്പല്‍ മോചിപ്പിച്ചു. ഗ്രേസ് 1 ലെ ജീവനക്കാരായ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരയും മോചിപ്പിച്ചിരുന്നു. ഇതോടെ ഇറാന്‍ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലും ജീവനക്കാരും മോചിതരായേക്കും എന്ന പ്രതീക്ഷ ശക്തമായി.

ഇന്ത്യക്കാരില്‍ കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലയാളികളാണ്. ഇവരില്‍ ആരൊക്കെയാണ് മോചിതരായതെന്ന് വ്യക്തമല്ല. സ്‌റ്റെന ഇംപോറയിലെ അവശേഷിക്കുന്ന മറ്റു ജീവനക്കാരുടെയും മോചനത്തിലേക്കുള്ള അനുകൂല നടപടിയാണിതെന്ന് കപ്പല്‍ കമ്പനിയായ സ്‌റ്റെന ബള്‍ക്ക് അറിയിച്ചു.

സ്‌റ്റെനോ ഇംപോറയിലെ 13 ഇന്ത്യക്കാരും നേരത്തെ ഇറാന്‍ പിടികൂടിയ എംടി റീഹ കപ്പലില്‍ മൂന്നു ഇന്ത്യക്കാരും ഇനിയും ഇറാന്‍ കസ്റ്റഡിയിലുണ്ട്. എംടി റീഹയിലെ 12 ഇന്ത്യക്കാരില്‍ ഒന്‍പതുപേരെ കഴിഞ്ഞ മാസം 25ന് മോചിപ്പിച്ചിരുന്നു.

ഗ്രേസ് 1 കപ്പലിന്റെ പതാക പനാമ പിന്‍വലിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇറാന്‍ കപ്പലിന്റെ പേര് ആഡ്രിയാന്‍ ദാര്യ 1 എന്ന് പുനര്‍ നാമകരണം ചെയ്തു. കപ്പലിലെ രണ്ട് ദശലക്ഷം ബാരല്‍ എണ്ണ സിറിയക്ക് നല്‍കില്ലെന്ന ഉറപ്പിനെ തുടര്‍ന്നാണ് കപ്പല്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി വിട്ടയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel