വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാർഥികൾക്കൊപ്പം ചേർന്നു പറക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത് – മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യാപകദിനസന്ദേശം

അറിവ് വെളിച്ചമാണെങ്കിൽ അജ്ഞതയുടെ അന്ധകാരം നീക്കാൻ അത് തെളിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളവരാണ് അധ്യാപകർ. എന്താണ് അറിവ് എന്ന ചോദ്യവും ഇവിടെ വളരെ പ്രസക്തമാണ്. പാഠപുസ്‌തകങ്ങളിൽ അച്ചടിച്ചുവച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങളും അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളും മാത്രമല്ല വിജ്ഞാനം.

അതൊരു സാമൂഹ്യ ഉൽപ്പന്നമാണ്‌. വിജ്ഞാനത്തെ തലമുറകളിലൂടെ വികസിപ്പിച്ചെടുക്കാനും പുരോഗമനസ്വഭാവമുള്ള സമൂഹസൃഷ്ടിക്കായി അത് വിനിയോഗിക്കാനുമുള്ള ദൗത്യമാണ് അധ്യാപകർ ഏറ്റെടുക്കുന്നത്. സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ഊർജവും നേതൃത്വവുമാണ് അധ്യാപകർ.

നേർവഴിയെന്നത് എത്രതന്നെ ആപേക്ഷികമായ ആശയമായാലും അതിലേക്ക് പുതുതലമുറയെ നയിക്കാൻ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ജൈവബന്ധം അത്യാവശ്യമാണ്. ലഭ്യമായ ജ്ഞാനസ്രോതസ്സുകളിലേക്ക് കുട്ടിയെ ആനയിക്കുകയും അറിവിന്റെ ജനാധിപത്യവൽക്കരണത്തിന്‌ പരമാവധി തുറസുകൾ സൃഷ്ടിക്കുകയും ചെയ്‌തുകൊണ്ടല്ലാതെ ഇത് സാധ്യമല്ല.

ആധുനിക ഇന്ത്യ ജന്മംകൊടുത്ത മഹാനായ ഗുരുനാഥൻ സർവേപള്ളി രാധാകൃഷ്‌ണനെ അനുസ്‌മരിച്ചുകൊണ്ട് നാം അധ്യാപകദിനം കൊണ്ടാടുമ്പോൾ ഉള്ളിൽ ആവർത്തിച്ചുറപ്പിക്കേണ്ട ആശയവും മറ്റൊന്നല്ല.

അധ്യാപനം വെറുമൊരു തൊഴിലോ സേവനമോ അല്ല

‘ഒരു കുരുന്ന് ഇതാ എന്റെ അധ്യാപകൻ എന്ന് എന്നെ ചൂണ്ടിക്കാട്ടുമ്പോൾ എന്റെ ഹൃദയം സംഗീതം പൊഴിക്കുന്നു’എന്ന് പ്രമുഖ അമേരിക്കൻ നോവലിസ്റ്റ് പാറ്റ് കോണ്റോയ് പറയുകയുണ്ടായി. അധ്യാപകനായിത്തീരുക എന്നത് അത്രമേൽ ആനന്ദകരമായ ഒരവസ്ഥയാണ്. അത് വെറുമൊരു തൊഴിലോ സേവനമോ അല്ല.

അധ്യാപകരിൽ ഒട്ടേറെ ഗുണഗണങ്ങൾ ഉൾച്ചേർന്നിരിക്കുന്നു. വിജ്ഞാനം, വിവേകം, നേതൃത്വം, കാരുണ്യം, സത്യസന്ധത, സമഭാവന തുടങ്ങിയ ഗുണങ്ങളുടെയെല്ലാം സമന്വയമായാണ് അധ്യാപകരെ സമൂഹം വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവർക്ക്‌ സംഭവിക്കുന്ന നേരിയ അപഭ്രംശം പോലും വലിയ മൂല്യത്തകർച്ചയായി കരുതപ്പെടുന്നത്.

  കുട്ടികളോട് നമ്മൾ സ്വപ്‌നം കാണാൻ പറയാറുണ്ട്. കുട്ടികളുടെ സ്വപ്‌നം എവിടെയാണ് തുടങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. തീർച്ചയായും അവരിൽ വിശ്വാസമർപ്പിക്കുന്ന, അവരെ ചേർത്തുപിടിക്കുന്ന, അവരോടൊപ്പം നിൽക്കുന്ന അധ്യാപകരിലൂടെയും രക്ഷാകർത്താക്കളിലൂടെയുമാണ് ഓരോ കുട്ടിയിലും സ്വപ്‌നങ്ങൾ ഉണ്ടാകുന്നത്. മഹാന്മാരായ അധ്യാപകർ എപ്പോഴും മഹാന്മാരായ സാമൂഹ്യനായകർകൂടി ആയിത്തീരുന്നത് അവർ സമൂഹം കൂട്ടായി കാണുന്ന സ്വപ്‌നങ്ങളുടെ ഉറവിടമായി തീരുന്നതുകൊണ്ടാണ്.

നമ്മുടെ രാജ്യം ഉന്നതശീർഷരായ അധ്യാപകരുടെ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. അവരെല്ലാം ഔപചാരികമായി വിദ്യാഭ്യാസപ്രവർത്തനം നടത്തിയവരോ അധ്യാപനം ജീവിതവൃത്തിയാക്കിയിട്ടുള്ളവരോ ആകണമെന്നില്ല. സ്വാമി വിവേകാനന്ദനെപ്പോലുള്ളവർ മനുഷ്യസമൂഹത്തിന് എത്രയോ ഉന്നതമായ അറിവുകളാണ് പകർന്നു തന്നിട്ടുള്ളത്.

വിദ്യാഭ്യാസത്തെ മനുഷ്യന്റെ ആന്തരപൂർണതയുടെ ആവിഷ്‌കാരമായി കണ്ടു അദ്ദേഹം. അയ്യൻകാളി വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നവോത്ഥാന നായകനാണ്. അധഃസ്ഥിതരെന്നു വിളിക്കപ്പെട്ട, ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി അദ്ദേഹം പ്രക്ഷോഭം നടത്തി.

മലയാളക്കരയിലാദ്യമായി ഒരു പണിമുടക്ക് സമരം നടന്നത് അയ്യൻകാളിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയായിരുന്നുവെന്നത് കേവലം യാദൃച്ഛികതയല്ല. കേരള നവോത്ഥാനത്തിന്റെ രാജശിൽപ്പിയെന്നു വിശേഷിപ്പിക്കാവുന്ന ശ്രീനാരായണഗുരു ഉന്നതശീർഷനായ അധ്യാപകനാണ്.

നാണു ആശാനായി ജീവിതം തുടങ്ങിയ അദ്ദേഹം അറിവ് എന്നപേരിൽ ഒരു കവിത തന്നെ രചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 19–-ാം നൂറ്റാണ്ടിന്റെ  ഉത്തരാർധത്തിൽ ജീവിച്ച സാവിത്രി ഫൂലെ പ്രത്യേക പരാമർശം അർഹിക്കുന്നു. സവർണ മേലാളന്മാരുടെ എതിർപ്പുകളെ ചെറുത്ത് ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്കായി ഒരു വിദ്യാലയം ആരംഭിച്ചത് അവരാണ് -1848ൽ. പുണെയിൽ ഇത്തരം മൂന്ന് വിദ്യാലയം അവർ നടത്തിയിരുന്നു.

സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നത് അചിന്തനീയമായിരുന്ന അക്കാലത്ത് സാമൂഹ്യ ബഹിഷ്‌കരണവും സവർണ വിഭാഗക്കാരുടെ കല്ലേറുകളും നേരിട്ട് കാലത്തിന്റെ നിയോഗം ഏറ്റെടുത്ത സാവിത്രി ഫൂലെ അധ്യാപകസമൂഹത്തിന് നിത്യപ്രചോദനമാണ്. വിദ്യാഭ്യാസരംഗത്തെ ഒട്ടേറെ പുതിയ മാറ്റങ്ങളുടെ ചാലകശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന സമകാലിക അധ്യാപകസമൂഹം സമ്പന്നമായ സാമൂഹ്യ നവീകരണ പാരമ്പര്യത്തിന്റെ അവകാശികളാണെന്ന് ഓർമിപ്പിക്കാനാണ്  ഇത് ചൂണ്ടിക്കാട്ടിയത്.

വിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തി

കഴിഞ്ഞ മൂന്നു വർഷമായി പൊതുവിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള   സാർഥകമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നു. പ്രീപ്രൈമറി തലംമുതൽ ഹയർ സെക്കൻഡറിവരെ ഉള്ളടക്കത്തിലും വിനിമയത്തിലും അധ്യാപക പരിശീലനത്തിലുമെല്ലാം കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു.

പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗിക്കാൻ ശേഷിയുള്ള തലമുറയെ വാർത്തെടുക്കുന്നതിന്‌ പഴയരീതിശാസ്ത്രങ്ങൾ പോരാതെ വരും. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ പൂർണമായും ഹൈടെക് ആക്കുന്നതിന് നടപടികൾ സ്വീകരിച്ചത്‌. അതോടൊപ്പംതന്നെ വിദ്യാലയങ്ങളുടെ പശ്ചാത്തലസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ തയ്യാറായി.

അധ്യാപകർക്ക്‌ ആവശ്യമായ ഡിജിറ്റൽ പഠനസാമഗ്രികൾ ലഭ്യമാക്കുക മാത്രമല്ല, അവ തയ്യാറാക്കുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്‌തു. ഹയർ സെക്കൻഡറി മേഖലയിൽ നടത്തിയ അധ്യാപകപരിശീലന പദ്ധതി മൗലികതയും ഗുണമേന്മയുംകൊണ്ട് ദേശീയ ശ്രദ്ധ നേടി. പരിശീലനം എന്നതിനപ്പുറം ‘ടീച്ചർ ട്രാൻസ്‌ഫോമേഷൻ’എന്ന കാഴ്‌ചപ്പാടാണ്‌ ഇതിലൂടെ മുന്നോട്ടുവച്ചത്. അധ്യാപകക്ഷേമത്തിലും പൊതുവിദ്യാഭ്യാസവകുപ്പ് ശ്രദ്ധ ചെലുത്തി. അധ്യാപക നിയമനങ്ങൾക്ക്‌  അംഗീകാരം നൽകാൻ  ‘സമന്വയ’ പോർട്ടൽ ആരംഭിച്ചതിലൂടെ എയ്ഡഡ് മേഖലയിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടു.

സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ പഠനരീതിയുടെ പ്രത്യേകതകൾ നിരന്തര പരിശീലനത്തിലൂടെ നമ്മുടെ അധ്യാപകസമൂഹം സ്വായത്തമാക്കിക്കഴിഞ്ഞു. ഇതിന്റെകൂടി പശ്ചാത്തലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

പാഠ്യപദ്ധതി കാലാനുസൃതമാകണമെന്ന് നാം നിരന്തരം കേൾക്കാറുണ്ട്. അതിനുമപ്പുറം വരുംകാലത്തെ മുന്നിൽ കണ്ടാകണം പാഠ്യപദ്ധതി ഉണ്ടാകേണ്ടത്. ഗവേഷണമേഖലയെയും സാമൂഹ്യചലനങ്ങളെയും അതിസൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടല്ലാതെ ഭാവിലോകത്തെ സാധ്യതകൾ മുൻകൂട്ടി കാണുന്ന പാഠ്യപദ്ധതി തയ്യാറാക്കാനാകില്ല.

ഇന്നത്തെ വിദ്യാർഥികൾ നാളത്തെ ലോകത്ത് സജീവവും സക്രിയവുമായി ഇടപെടുമ്പോൾ അവർക്ക് അറിവിന്റെയും ശേഷികളുടെയും കരുത്തുണ്ടാകത്തക്കവിധം വിദ്യാഭ്യാസത്തെ മാറ്റിത്തീർക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇക്കാര്യത്തിൽ കേരളം ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. എങ്കിലും ഇതാണ് പൂർണതയെന്ന് കരുതി വിശ്രമിക്കാൻ നമുക്കാവില്ല. റോബർട്ട്‌  ഫ്രോസ്റ്റ് പാടിയതുപോലെ ‘താണ്ടുവാനുണ്ടേറെ ദൂരം’.

പ്രപഞ്ചത്തിന് അതിരില്ല എന്ന നിഗമനത്തിലാണ് ഇന്ന് ശാസ്ത്രലോകം എത്തിനിൽക്കുന്നത്‌. അനുക്ഷണം വികസിക്കുകയാണ് പ്രപഞ്ചം. അതുപോലെ തന്നെയാണ് അറിവിന്റെ  ലോകവും. വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാർഥികൾക്കൊപ്പം ചേർന്നു പറക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്.

പറക്കുന്നത് എങ്ങനെയെന്ന് അവർക്ക്‌ കാണിച്ചുകൊടുക്കുക; പറക്കാൻ പ്രേരിപ്പിക്കുക; കുരുന്നു ചിറകുകൾ തളരുമ്പോൾ ഒന്ന് ചെറുതായി താങ്ങാകുക -അത്രമാത്രം. അതിനെയാണ് മെന്ററിങ്‌ എന്ന് പറയുന്നത്. വരുംകാല അധ്യാപകർ മികച്ച മെന്റർമാരായി മാറുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here