കശ്മീര്‍: യെച്ചൂരിയുടെ ഇടപെടലിന് വന്‍ വിജയം; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി; മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്കും അനുമതി

ജമ്മു കശ്‌മീർ വിഷയത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിന് വീണ്ടും വിജയം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്.
യെച്ചൂരി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.സത്യവാങ്മൂലത്തിന് കേന്ദ്ര സർക്കാർ മറുപടി നൽകണം. മെഹ്ബൂബ മുഫ്തിയെ കാണാൻ മകൾക്കും കോടതി  അനുമതി നൽകി.
ജമ്മു കശ്മീരിൽ വീട്ട് തടങ്കലിൽ കഴിയുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം ആണെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. ഇത്  ചൂണ്ടിക്കാട്ടി തരിഗാമിയെ വീട്ട് തടങ്കലിൽ പാർപ്പിക്കാൻ ആണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ തരിഗാമിയെ സന്ദർശിച്ച ശേഷം സീതാറാം യെച്ചൂരി നൽകിയ സത്യവാങ്‌മൂലം ഈ ശ്രമം പൊളിച്ചു.
ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉണ്ടെന്ന സീതാറാം യെച്ചൂരിയുടെ വാദം അംഗീകരിച്ചാണ് വിദ്ഗദ ചികിത്സയ്ക്കായി തരിഗാമിയെ എയിംസ് ആശുപതിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.  ഇത് കൂടാതെ യെച്ചൂരിയുടെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോടും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയി അധ്യക്ഷനായ 3 അംഗ ബഞ്ച് നിർദേശിച്ചു. തീരുമാനത്തെ സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു
സീതാറാം യെച്ചൂരിയുടെ വഴിയേ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജയും കോടതി കയറി  അമ്മയെ കാണാൻ  അനുമതി നേടി എടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിച്ചാകണം സന്ദർശനം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിൽ  മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയത് ചോദ്യം ചെയ്തുള്ള  ഹർജിയിൽ കോടതി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ തയ്യാറായില്ല. ഹർജി ഈ മാസം 16ന് പരിഗണിക്കാനായി മാറ്റി.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here