ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഗുവാഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശനം ലഭിക്കാമെന്നിരിക്കെ ഒമാനെതിരെ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.

ഡിഫന്‍ഡര്‍ അനസ് എടത്തൊടിക, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ്, വിങര്‍ ആഷിഖ് കുരുണിയന്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മലയാളികള്‍. ആതിഥേയരായ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും ഒമാനും പുറമെയുള്ളത്.

ഒമാനെതിരെ ഏഴുതവണ കളിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. നാലുതവണ തോറ്റു. രണ്ടുമത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.