കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ വില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ കൈരളി വാര്‍ത്താസംഘത്തിനുനേരെ ആക്രമണം

കൊല്ലത്ത് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ടിവി വാര്‍ത്താ സംഘത്തെ അനധികൃത വെളിച്ചെണ്ണ വില്‍പ്പന കേന്ദ്രം ഉടമയായ പോപ്പുലര്‍ ഫ്രണ്ട് നേതാവും സഹായിയും ചേര്‍ന്ന് ആക്രമിച്ചു. കൈരളി ടിവി കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ രാജ്കുമാര്‍, ക്യാമറാമാന്‍ പ്രമോദ് പന്നിയോട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 3.45 നാണ് സംഭവം. പുന്തലത്താഴം മീനാക്ഷിവിലാസം സ്‌കൂളിന് സമീപമുള്ള എ എം ട്രേഡിങ് എന്ന സ്ഥാപന ഉടമയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ റിയാസും സഹായി സനൂജും ആണ് കൈരളി സംഘത്തെ അകാരണമായി ആക്രമിച്ചത്.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കൊല്ലത്ത് പല സ്ഥാപനങ്ങളിലും വ്യാഴാഴ്ച നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് എ എം ട്രേഡിങിലും പരിശോധന നടന്നത്. ഈ വിവരം ശേഖരിക്കാനാണ് കൈരളി വാര്‍ത്താ വിഭാഗം എത്തിയത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരുമായി റിയാസും സനൂജും തര്‍ക്കിക്കുന്നതിനിടെയാണ് കൈരളി സംഘമെത്തുന്നത്. ഉടന്‍ അവര്‍ക്കുനേരെ റിയാസും സഹായിയും ആക്രോശിച്ചുകൊണ്ട് ചാടിവീഴുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ് ആണെന്ന് പറഞ്ഞ് വെല്ലുവിളിയുയര്‍ത്തിയായിരുന്നു റിയാസിന്റെ ആക്രോശം. ഉദ്യോഗസ്ഥരുടെ പരിശോധന ക്യാമറയില്‍ പകര്‍ത്തിയ പ്രമോദിനെ സനൂജ് കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് ഉപകരണം കൊണ്ട് തലയ്ക്കും നെഞ്ചത്തും ഇടിച്ചു. പിന്നാലെ റിയാസും പ്രമോദിനെ കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചു. ഇതുകണ്ട് ഓടിയെത്തിയപ്പോഴാണ് രാജ്കുമാറിന്റെ വയറ്റത്ത് ഇടിയേറ്റത്. ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമം നടന്നു. സംഭവമറിഞ്ഞ് കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി. ജില്ലാ ആശുപത്രിയിലെത്തി പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു.

രാജ്കുമാറിനെയും പ്രമോദിനെയും ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊല്ലം പ്രസ് ക്ലബ് കൊല്ലം സിറ്റി പൊലീസ് കമീഷണറോടും എസിപിയോടും ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാവിഭാഗം കടയില്‍ നിന്ന് എണ്ണയുടെ സാംബിള്‍ ശേഖരിച്ചിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വില്‍പ്പനയ്‌ക്കെതിരെ വ്യാപക പരാതി ഇയര്‍ന്നതിരെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്. വെളിച്ചെണ്ണ എന്ന പേരില്‍ പലതരം ഓയിലുകള്‍ കലര്‍ത്തി വില്‍പ്പന നടക്കുന്നുവെന്നാണ് ആക്ഷ്പം.അതേ സമയം  ആക്രമണം നടത്തിയ റിയാസിന് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി.6 മാസം തടവും 5 ലക്ഷം പിഴയുമാണ് ശിക്ഷ.

ലേബല്‍ ഇല്ലാത്ത നിലയിലായിരുന്നു എണ്ണ കന്നാസുകളില്‍ സൂക്ഷിച്ചിരുന്നത്.ജോലി തടസ്സപ്പെടുത്തിയതിന് റിയാസിനെതിരെ കേസ് നല്‍കുമെന്ന് ജില്ലാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ ശ്രീകല അറിയിച്ചു.എണ്ണയുടെ സാമ്പിള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥരെ റിയാസും സുനോജും അനുവദിച്ചില്ല, ഭീഷണിപ്പെടുത്തുകയും ചെയ്തു.കന്നാസിലുണ്ടായിരുന്നത് പാമോയില്‍ എന്നാണ് റിയാസ് ആദ്യം പറഞ്ഞത് എന്നാല്‍ കന്നാസു തുറന്നപ്പോള്‍ വെളിച്ചെണ്ണയുടെ ഗന്ഥമായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News