ആണവായുധം; നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ല; നിലപാട് കടുപ്പിച്ച് പാകിസ്താന്‍

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാക് സൈനിക വക്താവ് ഇക്കാര്യം പറഞ്ഞത്.

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ഭാവിയില്‍ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നുള്ള പ്രതിരോധനമന്ത്രി രാജ്നാഥ് സിങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

തങ്ങളുടെ ആയുധങ്ങള്‍ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്ന് ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞതിന് പിന്നാലെയാണ് സൈനിക വക്താവിന്റെ നിരുത്തരവാദപരമായ പ്രതികരണം. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.

ഇതിനു പിന്നാലെ പാക് നേതൃത്വം നിരുത്തരവാദപരമായ പ്രസ്താവനകളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാക് അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍താര്‍പൂര്‍ ഇടനാഴി ചര്‍ച്ചയില്‍ ഇന്ത്യയും പാകിസ്ഥാനും നടത്തിയ മൂന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here