എൽഡിഎഫിനോട് പാലായിലെ ജനങ്ങൾക്ക് കൂറു വർധിക്കും; പാലായിലെ നേർചിത്രം വിലയിരുത്തി കോടിയേരി ബാലകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പുകളേതും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. കഴിഞ്ഞ 54 വർഷമായി കെ എം മാണി വിജയിക്കുകയും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അവർ കരുതുകയും ചെയ്യുന്ന പാലാ നിയമസഭാമണ്ഡലത്തിലെ വോട്ടെടുപ്പ് ഫലവും ശ്രദ്ധയാകർഷിക്കുന്നതാണ്. ലോക്സഭാതെരഞ്ഞെടുപ്പിൽ വലിയ വോട്ടിന്റെ മുൻകൈ യുഡിഎഫിന് നൽകിയ നിയമസഭാ മണ്ഡലമാണിത്. ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിൽനിന്ന് ഭിന്നമാണ് നിയമസഭയിലേക്കുള്ളത്. ഇതിന്റെ വ്യക്തമായ സൂചന ഇതിനകംതന്നെ മണ്ഡലത്തിൽ ദൃശ്യമായിട്ടുണ്ട്. ബിജെപിക്ക് സ്ഥാനാർഥി ഉണ്ടെങ്കിലും ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യമത്സരം.

കേന്ദ്രത്തിൽ മോഡിഭരണം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധികൂടി ടീമംഗമായി മാറിയ യുഡിഎഫ് ജയിക്കണമെന്ന ചിന്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടത്തെ വോട്ടർമാരിൽ ഉണ്ടായി. അതിന്റെകൂടി ഫലമായാണ് യുഡിഎഫിന് വലിയ ഭൂരിപക്ഷം കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ലഭിച്ചത്. എന്നാൽ, ലോക്സഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ രണ്ടാംവട്ടം മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനെത്തുടർന്ന് മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണ്. ഇതിനെ നേരിടുന്നതിൽ കോൺഗ്രസ് വലിയ പരാജയമാണ്. എന്നാൽ, ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കാനും ഹിന്ദുത്വ വർഗീയശക്തികളെ അചഞ്ചലമായി നേരിടുന്നതിനും കമ്യൂണിസ്റ്റുകാർ നയിക്കുന്ന എൽഡിഎഫ് ആണ് പ്രതിബദ്ധതയോടെ മുന്നോട്ടുപോകുന്നതെന്ന് നാട് തിരിച്ചറിയുന്നുണ്ട്. അതിനാൽ എൽഡിഎഫിനോട് പാലായിലെ ജനങ്ങൾക്ക് കൂറ് വർധിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയിലെത്തിക്കാനുള്ള ദൂരം കുറയ്ക്കുകയാണ് മോഡി സർക്കാർ. വിപൽക്കരമായ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന ആർഎസ്എസിനെയും ബിജെപിയെയും നേരിടുന്നതിൽ കോൺഗ്രസ് അപമാനകരമായ അവസ്ഥയിലാണ്.

ഇരുട്ടിവെളുക്കുംമുമ്പ് ആഗസ്ത് ആറിന് ജമ്മു കശ്മീർ എന്ന സംസ്ഥാനമില്ലാതായി. അതുവരെ സംസ്ഥാനങ്ങളുടെ പട്ടികയിലെ സംഖ്യ 29 എന്നത് 28 ആയി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ഭരണഘടന പ്രദാനം ചെയ്തിരുന്ന പ്രത്യേക അധികാര അവകാശങ്ങൾ ഇല്ലാതാക്കുകയുംചെയ്തു. ഏറ്റവും ജനാധിപത്യവിരുദ്ധമായ ഈ നടപടി ഇന്ത്യയുടെ ഏത് സംസ്ഥാനത്തിനുനേരെയും അല്ലെങ്കിൽ ദേശീയമായിത്തന്നെ നാളെ ഉപയോഗിക്കപ്പെടാം എന്ന അപകടത്തിന്റെ സൂചനയാണിത് നൽകുന്നത്.

അസം പൗരത്വപട്ടിക അന്തിമമായതോടെ 19 ലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് അന്തിയുറങ്ങുകയും ചവിട്ടിനിൽക്കുകയുംചെയ്ത മണ്ണ് നഷ്ടമായി. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബത്തിലെ നാലുപേരും കാർഗിൽ യുദ്ധം നയിച്ച റിട്ട. ഓണററി ലെഫ്റ്റനന്റ് മുഹമ്മദ് സനാവുള്ളയും മൂന്ന് മക്കളും പുറത്തായവരിൽ ഉൾപ്പെടുന്നു. ഇതിലൂടെയെല്ലാം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർഎസ്എസ് അജൻഡയിലെത്തിക്കാനുള്ള ദൂരം കുറയ്ക്കുകയാണ് മോഡി സർക്കാർ. വിപൽക്കരമായ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന ആർഎസ്എസിനെയും ബിജെപിയെയും നേരിടുന്നതിൽ കോൺഗ്രസ് അപമാനകരമായ അവസ്ഥയിലാണ്. ഹിന്ദു വർഗീയതയോട് സമരസപ്പെടുന്ന കോൺഗ്രസുമായി കൂട്ടുചേർന്നിരിക്കുകയാണ് കേരള കോൺഗ്രസ് എം.

കോൺഗ്രസിനോട് കലഹിച്ചും കോൺഗ്രസിന്റെ ഭരണനയങ്ങളിൽ വിയോജിച്ചും കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും രൂപംകൊണ്ട പാർടിയാണ് കേരള കോൺഗ്രസ്. ആ രാഷ്ട്രീയപാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ, ഇന്ന് തമ്മിൽ പോരടിക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ ഏതെങ്കിലും തയ്യാറാകുമോ ?

കെ എം മാണി നയിച്ച കേരള കോൺഗ്രസ് ഏത് എന്നതിനെ ചൊല്ലിയുള്ള തർക്കവും തമ്മിലടിയും രൂക്ഷമാണ്. ഇക്കാര്യത്തിൽ പി ജെ ജോസഫും ജോസ് കെ മാണിയും നയിക്കുന്ന വ്യത്യസ്ത കേരള കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള ശക്തിപരീക്ഷണം പ്രകടമാണ്. ജോസ് കെ മാണി വിഭാഗം മുന്നോട്ടുവച്ച മാണി കുടുംബാംഗമായ ആദ്യസ്ഥാനാർഥിയുടെ പേര് വെട്ടി. പിന്നീട് നിർദേശിക്കുകയും യുഡിഎഫ് അംഗീകരിക്കുകയും ചെയ്തിരിക്കുന്ന സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ ആകട്ടെ അംഗീകരിക്കാൻ കേരള കോൺഗ്രസ് എം ചെയർമാനായ പി ജെ ജോസഫ് തയ്യാറായിട്ടുമില്ല.

അതിനാൽ മാണി മത്സരിച്ച് ജയിച്ചുവന്ന രണ്ടില ചിഹ്നം ജോസ് ടോമിന് കിട്ടിയില്ല. ജോസഫ് ഗ്രൂപ്പാകട്ടെ സ്വന്തം സ്ഥാനാർഥിയെ നിർത്തുകയുംചെയ്തു. ഇനി സമവായമുണ്ടാക്കിയാലും ഏച്ചുകെട്ടുന്നത് മുഴച്ച് നിൽക്കും. സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെല്ലാം കഴിയുമ്പോൾ ശൈഥില്യം വർധിക്കുകയും യുഡിഎഫ് ഇന്നത്തെപ്പോലെ നിലനിൽക്കുകയും ചെയ്യില്ല. കോൺഗ്രസിനോട് കലഹിച്ചും കോൺഗ്രസിന്റെ ഭരണനയങ്ങളിൽ വിയോജിച്ചും കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചും രൂപംകൊണ്ട പാർടിയാണ് കേരള കോൺഗ്രസ്. ആ രാഷ്ട്രീയപാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ, ഇന്ന് തമ്മിൽ പോരടിക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ ഏതെങ്കിലും തയ്യാറാകുമോ ? ഇല്ലെങ്കിൽ നേതൃത്വത്തെ തള്ളി നിലപാടെടുക്കാൻ അണികൾ മുന്നോട്ടുവരും.

കേരള കോൺഗ്രസിന്റെ സ്ഥാപനത്തിന് വഴിതെളിച്ച നേതാവായ പി ടി ചാക്കോയോട് എത്രമാത്രം ക്രൂരതയാണ് കോൺഗ്രസ് കാട്ടിയതെന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന് പുറത്ത് വന്നതിനുശേഷം മാണിയും അദ്ദേഹത്തിന്റെ പാർടിയും വിവരിച്ചിരുന്നുവല്ലോ. കർഷകരക്ഷയ്ക്ക് രൂപീകരിച്ച പാർടിയാണ് കേരള കോൺഗ്രസ് എം എന്ന് അവകാശപ്പെടുന്നതിനാൽ റബർ കർഷകരടക്കമുള്ള വിഭാഗങ്ങളോട് കോൺഗ്രസ് ഭരണം കാണിച്ചതും മോഡി ഭരണം തുടരുന്നതുമായ ദ്രോഹനടപടികൾ ചെറുക്കണ്ടേ. അതിന് എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനെ പിന്തുണച്ച് ധാർമിക രാഷ്ട്രീയത്തിന് അർഥം നൽകുകയാണ് വേണ്ടത്.

രണ്ട് പ്രളയങ്ങളെ നേരിടുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് പിണറായി വിജയൻ സർക്കാർ കാഴ്ചവച്ചത്. പ്രളയദുരിതം അകറ്റാനുള്ള നവകേരള നിർമിതി വിജയകരമായി പൂർത്തീകരിച്ചുവരികയാണ്. എന്നാൽ, ഇതിനോട് മുഖം തിരിഞ്ഞ് നിൽക്കുകയാണ് കേന്ദ്രസർക്കാർ. ആ നീതികേടിനെ ചോദ്യംചെയ്യാനല്ല, കേരളവിരുദ്ധ കേന്ദ്രഭരണത്തിന് ഒത്താശചെയ്യുന്നതിനാണ് യുഡിഎഫിന് ഉത്സാഹം. അതിന് തെളിവാണ് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ വികൃതപ്പെടുത്തിയുള്ള പ്രചാരണവും അതിന്റെ മറവിൽ യുഡിഎഫ് നടത്തിയ രണ്ട് ദിവസത്തെ രാപ്പകൽ സമരപ്രഹസനവും. കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള കേരള കോൺഗ്രസിന്റെ പ്രഖ്യാപിതനയം ഇവിടെ കാറ്റിൽ പറന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട്

ദേശീയരാഷ്ട്രീയത്തിൽ സംഘപരിവാർ അജൻഡകൾ തീവ്രമായി നടപ്പാക്കുന്ന ഘട്ടത്തിൽ അത്തരം നയങ്ങളിൽനിന്ന് വിഭിന്നമായ ഒരു ബദൽ രൂപപ്പെടുത്തി പ്രയോഗിക്കുന്നു, പിണറായി വിജയൻ സർക്കാർ. അങ്ങനെയുള്ള സർക്കാർ കൂടുതൽ ബഹുജനപിന്തുണയോടെ നിലനിൽക്കേണ്ടതും തുടർഭരണം ഉണ്ടാകേണ്ടതും രാജ്യത്തിനുതന്നെ ആവശ്യമാണ്. ബിജെപിയുടെ വർഗീയതയ്ക്കും നവഉദാരവൽക്കരണ നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ പ്രവർത്തനം ബിജെപി ശത്രുതയോടെയാണ് നോക്കിക്കാണുന്നത്. ജനങ്ങളെ സർക്കാരിന് എതിരാക്കുന്നതിനുവേണ്ടി സംസ്ഥാന ഖജനാവ് പാപ്പരാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢമായ കരുനീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.

ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രതിബദ്ധതയോടെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് എൽഡിഎഫ് പ്രകടനപത്രിക രൂപപ്പെടുത്തിയത്. ഇടതുപക്ഷ ബദൽ കാഴ്ചപ്പാടാണ് അതിൽ. 600 നിർദേശങ്ങളാണ് ഉള്ളത്. അതിൽ 35 എണ്ണത്തെ സുപ്രധാന മുദ്രാവാക്യങ്ങളായി മുന്നോട്ടുവച്ചു. പ്രകടനപത്രികയിൽ എന്തെല്ലാം നടപ്പാക്കി, ഇനി നടപ്പാക്കേണ്ടവ എന്തെല്ലാം ‐ ഇത് വർഷംതോറും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ഇത്തരമൊരു ബഹുജനസമ്പർക്ക പരിപാടി ഇതിനുമുമ്പുണ്ടായിട്ടില്ല. അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകി ഇത്രമാത്രം മുന്നോട്ടുപോയ ഒരു സർക്കാർ വേറെയില്ല. ക്ഷേമപ്രവർത്തനങ്ങളിലും മുന്നിലാണ്.

രാജ്യത്തിന്റെ പൊതുഅവസ്ഥയിൽനിന്ന് വ്യത്യസ്തമായി ഭൂരിപക്ഷത്തിനൊപ്പം ന്യൂനപക്ഷങ്ങൾക്കും സുരക്ഷിതമായി ജീവിക്കാൻകഴിയുന്ന സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുള്ളതാണ്. ഇവിടത്തെ ഏതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയങ്ങൾ തകർക്കാൻ വർഗീയശക്തികൾക്ക് കഴിയില്ല. ഇവിടെ ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. രണ്ടാം മോഡി ഭരണം വന്നതോടെ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്കെതിരെയും ബീഫ് നിരോധനം വന്നിരിക്കുകയാണ്. ജർമ്മനിയിലെ ഇന്ത്യൻ കോൺസുലേറ്റ് ആഗസ്റ്റ് 31 ന് ഫ്രാങ്ക്ഫർട്ടിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽനിന്ന് ബീഫ് വിഭവങ്ങളൊഴിവാക്കിയത് ഇതാണ് ചൂണ്ടിക്കാട്ടുന്നത്.

ഭരണം അഴിമതിക്കെന്നതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം. അത് സമീപകാലസംഭവങ്ങൾ അടിവരയിടുന്നു. മുമ്പ് ജെയിൻ ഡയറി പുറത്ത് വന്നപ്പോൾ അതിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേരുകളുണ്ടായിരുന്നു

ഭരണം അഴിമതിക്കെന്നതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം. അത് സമീപകാലസംഭവങ്ങൾ അടിവരയിടുന്നു. മുമ്പ് ജെയിൻ ഡയറി പുറത്ത് വന്നപ്പോൾ അതിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേരുകളുണ്ടായിരുന്നു. ഒന്നര വർഷം മുമ്പ് പാരഡൈസ് പേപ്പേഴ്സ് (പറുദീസ രേഖകൾ) പുറത്തുവിട്ട കരിംപണക്കാരുടെ പട്ടികയിൽ കോൺഗ്രസ് ‐ ബിജെപി നേതാക്കളുടെയും മക്കളുടെയും പേരുകൾ ഇടംപിടിച്ചിരുന്നു. നികുതി തീരെയില്ലാത്തതോ കുറച്ചുമാത്രം ഉള്ളതോ ആയ രാജ്യങ്ങളിൽ രഹസ്യനിക്ഷേപങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ ഇന്റർ നാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്സ് (ഐസിഐജെ) ആണ് പുറത്തുവിട്ടത്. പറുദീസ രേഖയിൽ ബിജെപിയുടെ മന്ത്രിയും എംപിയും കേന്ദ്രമന്ത്രിമാരായിരുന്ന കോൺഗ്രസ് നേതാക്കളുടെ മക്കളും ഉൾപ്പെട്ടിരുന്നു. പാരഡൈസ് പേപ്പേഴ്സിൽ പേരുവന്ന കാർത്തിക് ചിദംബരം, ചിദംബരം എന്നിവരുടെ കേസുകൾ രാജ്യത്തിന്റെ വിവിധ കോടതികളിൽ എത്തിയിരിക്കുകയാണല്ലോ. ഈ വിഷയത്തിൽ നിയമപരമായി നീങ്ങുന്നതിനേക്കാൾ രാഷ്ട്രീയ പകപോക്കലിനാണ് മോഡി സർക്കാർ താൽപ്പര്യം കാട്ടുന്നത്.

റഫേൽ വിമാന ഇടപാട് അടക്കമുള്ള അഴിമതികൾ പുറത്തെടുക്കാതെയാണ് മോഡിയും കൂട്ടരും അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തുന്നത്. ഭരണത്തെ അഴിമതി നടത്താനുള്ള ഉപകരണമാക്കി മാറ്റുന്നതിൽ ഉമ്മൻചാണ്ടി സർക്കാരും മുന്നിലായിരുന്നു. അതിന്റെ ഫലമായിട്ടാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെട്ട ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസ് കോടതിയുടെ നിശിതമായ വിമർശനവും നിരീക്ഷണവുമുണ്ടായതും കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും.

വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ എൽഡിഎഫിനും സർക്കാരിനുമെതിരെ ശത്രുപക്ഷം നടത്തിയ പ്രചാരണത്തിന്റെ പൊള്ളത്തരം ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ജനങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel