കളമശ്ശേരി എസ്ഐ അമൃത് രംഗന്റെ സംഘപരിവാർ ബന്ധം വ്യക്തമാക്കി സഹപാഠികൾ രംഗത്ത്. കോളേജ് പഠനകാലത്ത് അമൃത് രംഗൻ എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നുവെന്നും സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ഫോൺ കോൾ പ്രചരിപ്പിച്ചതിലൂടെ പോലീസായിട്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ മാറ്റമില്ലെന്നാണ് മനസ്സിലാകുന്നതെന്നും അമൃത് രംഗന്റെ സഹപാഠികൾ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേ സമയം അമൃത് രംഗന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിൽ എബിവിപിയുടെ സ്ഥാനാർത്ഥിയും ഭാരവാഹിയായിരുന്നു പഠിക്കുന്ന കാലത്ത് അമൃത് രംഗൻ. ക്യാംപസിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടാകുന്ന സംഘർഷത്തിൽ എബിവിപിക്ക് വേണ്ടി സംഘർഷത്തിൽ മുൻപിൽ ഉണ്ടായിരുന്നതും അമൃത് രംഗൻ ആയിരുന്നു എന്നും.

ഇദ്ദേഹം ദീർഘകാലം എബിവിപിയുടെ ഭാരവാഹിയായിരുന്നു എന്നും അമൃത്‌ രംഗന്റെ സഹപാഠിയായിരുന്ന ആൽബിൻ പറഞ്ഞു. അമൃത് രംഗൻ തികഞ്ഞ സംഘിയാണെന്നായിരുന്നു കാലടി യൂണിവേഴ്സിറ്റിയിൽ അമൃത് രംഗന്റെ സഹപാഠിയും രാജീവ്ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ചുമതലക്കാരനുമായ അനൂപ് വി ആർ പറഞ്ഞത്.

രാഷ്ടീയക്കാർ ജനങ്ങളുടെ ഓഡിറ്റ് വിധേയമാകുന്നവരാണ്. എന്നാൽ ഉദ്യോഗസ്ഥർ അങ്ങനെയല്ലെന്നും അനുപ് പറഞ്ഞു. അമൃത് രംഗൻ മുൻപ് സബ് ഇൻസ്പെക്ടർ ആയി ജോലി ചെയ്തിരുന്ന സ്റ്റേഷനിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു എന്നും ആക്ഷേപം ഉണ്ട്. കൊച്ചിൻ യൂണിവഴ്സിറ്റിയിൽ എബിവിപിക്ക് ഏറ്റ പരാജയമാണ് എസ്എഫ്ഐ നേതാക്കളെ തല്ലിച്ചതയ്ക്കാൻ കാരണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ഉണ്ട്.