പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക്‌ 732 കോടി രുപ നീക്കിവയ്‌ക്കാൻ സർക്കാർ തീരുമാനം

പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണിക്ക്‌ 732 കോടി രുപ നീക്കിവയ്‌ക്കാൻ സർക്കാർ തീരുമാനം. ബജറ്റിൽ പൊതുമരാമത്ത്‌ വകുപ്പിന്‌ പദ്ധതിയിതര വിഭാഗത്തിൽ അനുവദിച്ച തുക പൂർണമായും അടിയന്തര അറ്റകുറ്റപ്പണികൾക്ക്‌ ഉപയോഗിക്കാം. തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പട്ടികയിൽനിന്ന്‌ എംഎൽഎമാർ നിർദേശിക്കുന്നവയ്‌ക്ക്‌ മുൻഗണന നൽകും.

ഒക്ടോബർ 31നകം അറ്റകുറ്റപ്പണി തീർക്കണം. റോഡുകളുടെ മുൻഗണനാക്രമം ഒരാഴ്‌ചയ്‌ക്കുള്ളിൽ അറിയിക്കണമെന്ന്‌ എംഎൽഎമാരോട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ 139 പാലങ്ങളും 5032 കിലോമീറ്റർ റോഡും തകർന്നതായാണ്‌ കണക്ക്‌. പാലങ്ങളുടെ ശാക്തീകരണത്തിന്‌ 179.5 കോടി രൂപവേണം.

30 പാലങ്ങളുടെ കൈവരിയടക്കം ശരിയാക്കണം. 70 പാലങ്ങളുടെ ബലപ്പെടുത്തലിന്‌ 30.5 കോടിയും 39 പാലങ്ങൾ പുനർനിർമിക്കുന്നതിന്‌ 149 കോടി രൂപയും ആവശ്യമാണ്‌. 1789 റോഡുകളാണ്‌ തകർന്നത്‌. ഇവയുടെ ഭാഗമായി 400ൽപരം കലുങ്കുകൾ, സംരക്ഷണഭിത്തികൾ, കാനകൾ തുടങ്ങിയവയും നശിച്ചു. ഇവയുടെ പുനർനിർമാണം അടിയന്തരമായി പൂർത്തിയാക്കണം. ദേശീയപാത വിഭാഗത്തിന്റെ 308 കിലോമീറ്റർ റോഡുകൾക്ക് 450 കോടി രൂപയുടെ നാശനഷ്ടമുണ്ട്‌.

ആലപ്പുഴയിൽ 11 പാലങ്ങളാണ്‌ പുനർനിർമിക്കേണ്ടത്‌. തൃശൂരിൽ ആറും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്നുവീതവും. എറണാകുളം, മലപ്പുറം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ നാലുവീതവും, കൊല്ലം, പാലക്കാട്‌, കോട്ടയം, കാസർകോട്‌ എന്നിവിടങ്ങളിൽ ഓരോ പാലവും പുനഃസ്ഥാപിക്കണം.

രണ്ടുവർഷം സംസ്ഥാനത്ത്‌ നശിച്ച റോഡുകളുടെ പുനർനിർമാണത്തിന്‌ 16,011 കോടി രൂപ ആവശ്യമാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ വിലയിരുത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നശിച്ച റോഡുകളുടെ പുനർനിർമാണത്തിന്‌ 14,066 കോടി രൂപ കണക്കാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News