ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായ സംവാദത്തിനിടെ എസ്‌എഫ്‌ഐ നേതാവിനെ എബിവിപിക്കാർ ആക്രമിച്ചു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ വെങ്കിടേഷ്‌ പൊസഗൊല്ലയുടെ തലപൊട്ടി. ഗുരുതരമായി പരിക്കേറ്റ വെങ്കിടേഷിനെ എയിംസ്‌ ട്രോമകെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്‌ച ഡൽഹി സർവകലാശാലയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ പ്രവർത്തകരെ എബിവിപി ആക്രമിച്ചിരുന്നു. പത്രിക കീറിയെറിഞ്ഞു.

ബുധനാഴ്‌ച രാത്രി പ്രസിഡൻഷ്യൽ ഡിബേറ്റിനിടെയാണ്‌ ജെഎൻയുവിൽ ആക്രമണം. വിരുദ്ധ ആശയങ്ങളോട്‌ സഹിഷ്‌ണുതയോടെ സംവദിക്കുന്ന ജെഎൻയുവിലെ രീതിയിൽനിന്ന്‌ വ്യത്യസ്‌തമായി അക്രമത്തിന്റെ വഴിയിലാണ്‌ എബിവിപിയെന്ന്‌ ജെഎൻയു എസ്‌എഫ്‌ഐ യൂണിറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

വിദ്യാർഥികളുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്കൊപ്പം രാജ്യത്തെ സുപ്രധാന വിഷയങ്ങൾ ചർച്ചയായതിനിടെയാണ്‌ ആക്രമണം. വോട്ടെടുപ്പ്‌ വെള്ളിയാഴ്‌ചയും ഫലപ്രഖ്യാപനം ഞായറാഴ്‌ചയും നടക്കും.