വാഹനം ഇടിച്ചു കൊലപ്പെടുത്താൻ നോക്കിയത് ബിജെപി നേതാവും  എംഎൽഎയുമായ കുൽദീപ് സെൻഗാർ ആണെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി. തന്നെ ഇല്ലാതാക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വാഹനാപകടം.

സർക്കാരിനും പോലീസിനും പരാതി നൽകിയിട്ട് ഫലമുണ്ടായില്ലെന്നും പെണ്‍കുട്ടി  സിബിഐക്ക് മൊഴി നൽകി . BJP നേതാവും എംഎൽഎയുമായ കുൽദീപ് സെൻഗർ പീഡിപ്പിച്ച ഉന്നാവ് പെണ്‍കുട്ടിയെ ജൂലൈ 28നാണ് ലോറി ഇടിച്ച് കൊല്ലപ്പെടുത്താൻ നോക്കിയത്.

അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഈ മാസം ആദ്യം വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സിബിഐക്ക് നൽകിയ മൊഴിയിലാണ് വാഹനാപകടത്തിന് പിന്നിൽ കുൽദീപ് സെൻഗാർ ആണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്.

ഇല്ലാതാക്കുകയായിരുന്നു സെൻഗറിന്റെ ലക്ഷ്യം. ഇതിന് വേണ്ടി  നടത്തിയ ഗൂഡാലോചനയാണ് അപകടം എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ലോറി കാറിന് നേരെ വരുന്നത് കണ്ട് വാഹനം ഓടിച്ച തന്റെ അഭിഭാഷകൻ കാറിന്റെ ഗതി തിരിക്കാൻ നോക്കി. എന്നാൽ ലോറി ഡ്രൈവർ കാർ ലക്ഷ്യമാക്കി വന്ന് ഇടിച്ചുവെന്ന് പെണ്‍കുട്ടി സിബിഐയോട് പറഞ്ഞു.

ബലാത്സംഗ കേസിന്റെ വാദം കേൾക്കാൻ ഉന്നാവ് കോടതിയിൽ പോയപ്പോൾ വധഭീഷണി ഉണ്ടായി. കേസിൽ പൊലീസ് പ്രതി ചേർത്ത സ്ത്രീയുടെ മകൻ  കോടതിക്ക് ഉള്ളിൽ വന്ന് പോലും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. സർക്കാരിനും പോലീസിനും നിരവധി പരാതികൾ നൽകിയെങ്കിലും ഫലം ഉണ്ടായില്ലെന്നും മൊഴിയിലുണ്ട്.

അമ്മാവനെ കാണാൻ ജയിലിൽ പോയി മടങ്ങവെയാണ് പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്. അപകടത്തിൽ പെണ്‍കുട്ടിയുടെ 2 ബന്ധുക്കൾ മരണപ്പെടുകയും അഭിഭാഷകന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പെണ്കുട്ടി ഇപ്പോഴും ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.