രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി മന്ത്രി ഇപി ജയരാജന്‍. പ്രത്യേകാവശ്യത്തിനായി പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇതെല്ലാം അറിഞ്ഞിട്ടും അന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തരത്തില്‍ തികച്ചും വാസ്തവിരുദ്ധമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് പൊതുസമൂഹം അവജ്ഞയോടെ തള്ളും എന്നുറപ്പാണ്. ചട്ടഭേദഗതിയുടെ ഉത്തരവാദിത്തം എല്‍ഡിഎഫിനു മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അങ്ങേയറ്റം ഹീനമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചെന്നിത്തലക്കെതിരെ തുറന്നടിച്ചത്.

ഇ പി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം

2011-16 ലെ യു.ഡി.എഫ് സര്‍ക്കാരാണ് പ്രത്യേകാവശ്യത്തിനായി പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കാന്‍ 1964 ലെ കേരള ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതിക്ക് നടപടികള്‍ ആരംഭിച്ചത്. പ്രത്യേകാവശ്യത്തിനായി പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കാനായി ജില്ലാ കളക്ടര്‍മാരെ അധികാരപ്പെടുത്തിക്കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിനെ ഒരു കൂട്ടര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. പ്രസ്തുത കേസില്‍ ‘1964 ലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ മറികടക്കണമെങ്കില്‍ ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ സാധിക്കുകയില്ല. പക്ഷെ സര്‍ക്കാരിന് വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെങ്കില്‍ അത് ചട്ടങ്ങളുടെ ഭേദഗതിയിലൂടെ മാത്രമേ സാധിക്കൂ’. എന്ന് ഹൈക്കോടതി ഉത്തരവിട്ടു.

യുഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നു പോകുന്നതിന് മുമ്പ് ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി പൂര്‍ത്തിയാക്കാന്‍ ത്വരിതഗതിയില്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നിയമഭേദഗതിക്കുള്ള എല്ലാ നടപടികളും യുഡിഎഫ് ഭരണകാലത്ത് അന്നത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഇതൊല്ലാം മറച്ചുവെച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടഭേദഗതിയുടെ ഉത്തരവാദിത്തം എല്‍ഡിഎഫിനു മേല്‍ കെട്ടിവെക്കാനുള്ള ശ്രമം അങ്ങേയറ്റം ഹീനമാണ്.

ചട്ടം ഭേദഗതി ചെയ്തുള്ള നോട്ടിഫിക്കേഷന്‍ ഇറങ്ങിയിട്ടില്ല എന്നും ആരോപണം ഉന്നയിക്കുന്നു. ഉത്തരവ് ഇറങ്ങിയെങ്കിലും അതനുസരിച്ച് ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം ഭേദഗതി ചെയ്തുള്ള നോട്ടിഫിക്കേഷന്‍ ഇറക്കാന്‍ സബ്ജക്ട് കമ്മിറ്റി അനുമതി വേണം. ഈ അനുമതിക്കുള്ള കാലതാമസം മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ചട്ടം ഭേദഗതിയ്ക്ക് ശ്രമിച്ച അതേ കാലഘട്ടത്തിലാണ് ഖനനം സംബന്ധിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വലിയ അഴിമതിയ്ക്ക് കളമൊരുക്കിയത്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു ഖനനം ചെയ്യുന്ന പാറയുടെ സീനിയറേജ് നിശ്ചയിച്ചതിലാണ്. ഒരു ടണ്‍ പാറ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നു പൊട്ടിച്ചുമാറ്റാന്‍ 2 രൂപയായിരുന്ന സീനിയറേജ്, 02.02.2015 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

15 ദിവസങ്ങള്‍ക്കകം മറ്റൊരു ഗസറ്റ് വിജ്ഞാപനത്തിലൂടെ 200 രൂപയില്‍ നിന്നും 50 രൂപയായി കുറച്ചതും യുഡിഎഫ് സര്‍ക്കാരാണ്. പ്രത്യേകാവശ്യത്തിനായി പതിച്ച് നല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനും അംഗമായ സബ്ജക്ട് കമ്മിറ്റിയാണ്. ഇതെല്ലാം അറിഞ്ഞിട്ടും അന്ന് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത്തരത്തില്‍ തികച്ചും വാസ്തവിരുദ്ധമായി പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് പൊതുസമൂഹം അവജ്ഞയോടെ തള്ളും എന്നുറപ്പാണ്.