ബംഗളൂരു: ലോകത്ത് ഇന്നുവരെ ഒരു ചന്ദ്രപര്യവേഷണ ദൗത്യവും ഇന്നുവരെ ഇറങ്ങിച്ചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രവുത്തില്‍ ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചാന്ദ്രയാന്‍-2 വിന്‍റെ വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ ഇനി നിമിഷങ്ങള്‍.

രാജ്യം ചരിത്രത്തിലേക്ക് കാലൂന്നുന്ന ആ സുവര്‍ണ നിമിഷത്തിനായി ആകാഷയോടെ കാത്തിരിക്കുകയാണ് ഐഎസ്ആര്‍ഒയും ലോകത്തെമ്പാടുമുള്ള ശാസ്ത്ര കുതുകികളും രാജ്യമൊന്നാകെയും.

ശനിയാഴ്‌ച പുലർച്ചെ 1:30 നും 2:30 നുമിടയിൽ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. 1.36ന് ലാൻഡർ ചാന്ദ്ര പ്രതലത്തിലേക്ക് യാത്ര തുടങ്ങും. 1.53 നാണ് ലാൻഡർ പ്രതലത്തിലെത്തുക.

ജൂലൈ 22നു ഭൂമിയിൽ നിന്നു പുറപ്പെട്ട് 47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ ലക്ഷ്യത്തിലെത്തുന്നത്.

ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റാണ്‌ 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്.

അവസാനത്തെ 15മിനുട്ടുകൾ അതീവനിർണായകമാണെന്ന്‌ ഐഎസ്ആര്‍ഒ മേധാവി ഡോ. കെ ശിവന്‍ പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിങ് സങ്കീര്‍ണമായ പ്രക്രിയയാണ്.

ഐഎസ്‌ആർഒയെ സംബന്ധിച്ചിടത്തോളം മുൻപരിചയമില്ലാത്ത ഒരു കാര്യവുമാണിത്. പരിചയമുള്ളവർക്കും ഓരോ തവണയും ഇത് സങ്കീര്‍ണമായിരിക്കും.

അതുകൊണ്ടുതന്നെയാണ് ഈ അവസാന മിനിറ്റുകള്‍ ഉത്കണ്ഠയുടേതാകുന്നത്‌. ഡോ. ശിവന്‍ പറഞ്ഞു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഇതിന്‌ മുമ്പ്‌ ചന്ദ്രനില്‍ പര്യവേഷണ പേടകങ്ങള്‍ ഇറക്കിയിട്ടുള്ളത്.

ചന്ദ്രയാന്റെ ഭാഗമായ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയുടെ ഓരോ നീക്കവും നേരത്തേ പ്രോഗ്രാം ചെയ്തവയാണ്.

എന്നാൽ ഭൂമിയിൽ നിന്നു നിയന്ത്രണമില്ലാതെ ലാൻഡർ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് ദൗത്യത്തെ സംബന്ധിച്ച് നിർണായകമാകുന്നത്‌.

ബംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണവും നിരീക്ഷണവും ഏകോപിപ്പിക്കുന്നത്. ചന്ദ്രനിലെത്തുന്ന ലാന്‍ഡറിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്‌ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്‌തു.