മരട് ഫ്ലാറ്റ് വിഷയത്തിൽ ഉടമകളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി വിധിയെന്ന് മരടിലെ ഫ്ലാറ്റ് ഉടമകൾ. നിലവിലെ സിആർസെഡ് നിയമ പ്രകാരം ഫ്ലാറ്റുകൾ പൊളിച്ച് നീക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്.

ഈ മാസം 23 ന് വീണ്ടും കേസ് പരിഗണിക്കുന്നതിന് മുൻപ് ക്യുറേറ്റീവ് പെറ്റീഷൻ സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നും ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. ഈ മാസം 20 നകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കി ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്ന സുപ്രീംകോടതി വിധിയുടെ ഈ പശ്ചാത്തലത്തിലാണ് വീണ്ടും ക്യൂറേറ്റീവ് പെറ്റിഷനുമായി സുപ്രീം കോടതിയെ സമീപിക്കാൻ മരടിലെ ഫ്ലാറ്റ് ഉടമകൾ ഒരുങ്ങുന്നത്.

തങ്ങളുടെ ഭാഗം ഭാഗം പൂർണമായും കേൾക്കാതെയാണ് സുപ്രീംകോടതിയിൽനിന്ന് വിധി ഉണ്ടായിരിക്കുന്നതെന്ന പരാതിയും ഫ്ലാറ്റ് ഉടമകൾക്ക്‌ ഉണ്ട്. 1991ലെ സി ആർ സെഡ് നിയമമനുസരിച്ച് മരടിലെ ഫ്ലാറ്റുകൾ നിൽക്കുന്നത് സോൺ രണ്ടിലാണ്. ഈ നിയമപ്രകാരമാണ് സുപ്രീംകോടതി ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.

എന്നാൽ നിയമം പരിഷ്കരിച്ചപ്പോൾ മരട് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഇൗ പ്രദേശം സോൺ മൂന്നായി മാറി. ഈ സോണിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് ഫ്ലാറ്റുകൾ നിർമ്മിക്കാൻ യാതൊരു തരത്തിലുള്ള തടസ്സങ്ങളും ഇല്ല എന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു. നാനൂറോളം കുടുംബങ്ങളാണ് സുപ്രീംകോടതിവിധി നടപ്പാക്കുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വരിക.

കെട്ടിടം പൊളിച്ചു മാറ്റുന്നതിലൂടെ വലിയതോതിലുള്ള പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്നും ഇവർ അഭിപ്രായപ്പെട്ടു. സെക്രട്ടറിയിൽ നിന്ന് പെർമിഷൻ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ എല്ലാവരും ഫ്ലാറ്റുകൾ വാങ്ങിയതെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ ഫയൽ ചെയ്യാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. എന്നാൽ അതേസമയം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നാണ് മുനിസിപ്പാലിറ്റിയുടെ വാദം.

കേസിനെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചു നീക്കാൻ തങ്ങളാൽ കഴിയില്ലെന്നും ഇത് സർക്കാരിൻറെ ഉത്തരവാദിത്വമാണെന്നും മരട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പറഞ്ഞു. ഈ മാസം 23 ന് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും.