കശ്‌മീരിലെ രാഷ്ട്രീയനേതാക്കളുമായി ചർച്ചയ്‌ക്ക്‌ തയ്യാറാകണം; തെരഞ്ഞെടുപ്പ്‌ എത്രയും പെട്ടെന്ന്‌ നടത്തണമെന്നും അമേരിക്ക

കശ്‌മീരിലെ രാഷ്ട്രീയനേതാക്കളുമായി ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ്‌ എത്രയും പെട്ടെന്ന്‌ നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന്‌ ശേഷമുള്ള സ്ഥിതിഗതികളിൽ ആശങ്ക പ്രകടമാക്കിയാണ്‌  ഈ ആവശ്യം ഉന്നയിച്ചത്‌.

നേതാക്കളെ കൂട്ടത്തോടെ തടങ്കലിലാക്കിയതിലും ജനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളിലും ഇന്റർ നെറ്റ്‌–- മൊബൈൽ ഫോൺ ബന്ധം വിച്‌ഛേദിച്ചതുമാണ്‌ പരാമർശിക്കുന്നത്‌. മനുഷ്യാവകാശങ്ങൾ മാനിക്കാൻ അധികൃതർ തയ്യാറാകണമെന്നും എത്രയും വേഗത്തിൽ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുഎസ്‌ വിദേശകാര്യ വക്താവ്‌ മോർട്ടൺ ഒർട്ടാഗസ്‌ ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ വാഷിങ്‌ടൺ പ്രതിനിധിക്കയച്ച ഇ മെയിൽ സന്ദേശത്തിലാണ്‌ കശ്‌മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നത്‌. പ്രാദേശികനേതാക്കളെയും വ്യാപാര പ്രമുഖരെയും തടങ്കലിലാക്കിയതിലും ജനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളിലും ആശങ്ക തുടരുകയാണ്‌.

മനുഷ്യാവകാശം മാനിക്കാൻ അധികൃതർ തയ്യാറാകണം. ഇന്റർനെറ്റ്‌–- മൊബൈൽ ഫോൺലഭ്യത പുനഃസ്ഥാപിക്കണം. പ്രാദേശിക നേതാക്കളുമായി രാഷ്ട്രീയമായ ആശയവിനിമയം സർക്കാർ പുനരാരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതോടൊപ്പം  തെരഞ്ഞെടുപ്പ്‌ ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ നിശ്ചയിക്കുമെന്നും കരുതുന്നു–- ഒർട്ടാഗസ്‌  ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു.

കശ്‌മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ രണ്ടുവട്ടം പ്രസ്‌താവിച്ചിരുന്നു. പിന്നീട്‌  ഈ നിലപാടിൽനിന്ന്‌ പിൻവാങ്ങുകയും കശ്‌മീർ ഇന്ത്യയും പാകിസ്ഥാനുമായുള്ള ഉഭയകക്ഷി വിഷയമാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. ജമ്മു -കശ്‌മീർ അടുത്തുതന്നെ സാധാരണ രാഷ്ട്രീയസ്ഥിതിയിലേക്ക്‌ മടങ്ങുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവനയെ കഴിഞ്ഞ 29ന്‌ യുഎസ്‌ എംബസി വക്താവ്‌ സ്വാഗതം ചെയ്‌തു.

ഫ്രാൻസിൽ  ചേർന്ന ജി 20 ഉച്ചകോടിക്കിടെ മോഡിയും ട്രംപും ചർച്ച നടത്തിയപ്പോഴും കശ്‌മീർ പരാമർശിച്ചു. കശ്‌മീരിനെക്കുറിച്ച്‌ സംസാരിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന തോന്നലാണ്‌ പ്രധാനമന്ത്രിക്കുള്ളതെന്നും ട്രംപ്‌ പ്രസ്‌താവിച്ചിരുന്നു.

കശ്‌മീർ വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ തുറന്ന ചർച്ചയ്‌ക്കുള്ള പാകിസ്ഥാന്റെ നീക്കത്തെ ഇന്ത്യ തടുത്തിരുന്നു. ഒരു മാസം പിന്നിടുമ്പോഴും കശ്‌മീർ സ്ഥിതിഗതികളിൽ മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ്‌ രാഷ്ട്രീയനേതാക്കളുമായി ചർച്ചയും മറ്റും യുഎസ്‌ ആവശ്യപ്പെടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here