കേരളത്തെ വ്യാവസായിക സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ഇ പി ജയരാജന്‍

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് വിവാദങ്ങളാണെന്നും എന്നാല്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് കേരളത്തിന്റെ വികസനമാണെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തെ വ്യാവസായിക സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ കൊള്ളാത്ത സംസ്ഥാനമാണെന്ന പൊതു ധാരണയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും വിവിധ മേഖലകളില്‍ ഒട്ടേറെ നിക്ഷേപങ്ങള്‍ കൊണ്ട് വരുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്തുള്ള വ്യവസായകര്‍ക്കു നിര്‍ഭയം കടന്നു വരുവാന്‍ സംസ്ഥാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴില്‍ കേരളത്തെ വ്യവസായ വാണിജ്യ സൗഹൃദ സംസ്ഥാനമായി മാറ്റാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കിന്‍ഫ്രയും പുണെ മലയാളി ഫെഡറേഷനും സംയുക്തമായി പുണെയില്‍ സംഘടിപ്പിച്ച വ്യാവസായിക സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മന്ത്രി.

കേരളത്തിലെ വ്യവസായ തൊഴില്‍ മേഖലകളില്‍ നില നിന്നിരുന്ന നോക്കുകൂലി അടക്കമുള്ള പല കാര്യങ്ങളും ഇല്ലാതാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്തു ഇന്ത്യയില്‍ തന്നെ ഉയര്‍ന്ന സംസ്ഥാനമാണ് കേരളമെന്നും 40000 ചെറുകിട യൂണിറ്റുകള്‍ തുടങ്ങിയത്തോടെ തുറന്നിട്ട തൊഴിലവസരങ്ങള്‍ നാടിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനോടൊപ്പം കാര്‍ഷിക മേഖലയെ ഉയര്‍ത്തി കൊണ്ടു വരുവാനുള്ള പദ്ധതികളും നടപ്പിലാക്കിയെന്ന് നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഒരു വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി പെട്ടെന്ന് ലൈസന്‍സുകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വ്യവസായം സംരക്ഷിക്കാനും, വ്യവസായത്തിന്റെ നാടായി കേരളത്തെ ഉയര്‍ത്താനും മറുനാട്ടിലെ നിക്ഷേപകര്‍ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു . കേരളത്തില്‍ കിന്‍ഫ്ര സ്ഥാപിച്ചിട്ടുള്ള വ്യവസായ പാര്‍ക്കുകളില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ പുണെ മലയാളികളെ ക്ഷണിച്ചു കൊണ്ടാണ് മന്ത്രി വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ പ്രവാസികള്‍ക്കായി തുറന്നിട്ടത്.

പുണെ സി എം എസ് കേരളം ഭവനില്‍ നടന്ന സെമിനാറില്‍ കിന്‍ഫ്ര ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പ്രതിരോധ ഇലക്ട്രോണിക് ഉല്പാദന രംഗത്തെ അവസരങ്ങളെ പരിചയപ്പെടുത്തി

മുന്‍ എം എല്‍ എ പ്രകാശന്‍ മാസ്റ്റര്‍, തേര്‍മാക്‌സ് ലിമിറ്റഡ് സിഇഓ എം ഉണ്ണികൃഷ്ണന്‍ , പ്യൂണാവാല ഗ്രൂപ്പ് ഡയറക്ടര്‍ പി സി നമ്പ്യാര്‍, തൊളിലാളി യൂണിയന്‍ നേതാവ് രാജന്‍ നായര്‍, പിംപ്രി ചിഞ്ചുവാട മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗം ബാബു നായര്‍, ചിഞ്ചുവാഡ് മലയാളി സമാജം പ്രസിഡന്റ് പി വി ഭാസ്‌കരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍ സ്വാഗതവും പുണെ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് കെ ഹരിനാരായണന്‍ നന്ദിയും രേഖപ്പെടുത്തി. പുണെയിലെ പ്രമുഖ വ്യവസായികള്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News