കേന്ദ്രത്തിൽ പ്രതിപക്ഷം ഒരു നോക്കുകുത്തിയായി മാറുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ് നേരിടുന്നതെന്നും കോൺഗ്രസ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മുംബൈയിൽ കെ ആൻഡ് കെ സോഷ്യൽ ഫൌണ്ടേഷൻ സംഘടിപ്പിച്ച മുംബൈ ഓണം ഫെസ്റ്റിവൽ 2019 ൽ പങ്കെടുക്കാനെത്തിയ എം പി കൈരളി ടി വിയോട് സംസാരിക്കവെയാണ് കോൺഗ്രസ്സ് പാർട്ടി നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറന്നത്.
കോൺഗ്രസ്സ് പാർട്ടിയുടെ ദൗർബല്യം പാർലിമെന്റിന് അകത്തും പുറത്തും പ്രതിഫലിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി രാജി വച്ച സാഹചര്യത്തിൽ സോണിയ ഗാന്ധി കോൺഗ്രസിനെ നയിക്കുമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഏകോപിക്കുന്നതിൽ കോൺഗ്രസ്സ് വലിയ പരാജയമായെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രതിപക്ഷത്തിലെ പല പാർട്ടികളും പരസ്യമായി കേന്ദ്ര സർക്കാരിനെ എതിർക്കുമ്പോഴും രഹസ്യമായി അനുകൂലിക്കുന്നവരാണെന്നാണ് കാസർഗോഡിൽ നിന്നുള്ള കോൺഗ്രസ്സ് എം പി തുറന്നടിച്ചത്.
അത് കൊണ്ട് തന്നെയാണ് പതിനാറാം ലോക്‌സഭയിൽ പാസ്സാക്കാൻ സാധിക്കാതെ പോയ പല ബില്ലുകളും ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പതിനേഴാം ലോക്‌സഭയിൽ പാസ്സാക്കുവാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലരും സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റിയിരിക്കയാണെന്നും ഈ മൂല്യശോഷണം തന്നെയാണ് കോൺഗ്രസിലും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തി.
ഹോട്ടൽ ലീലയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ, മുൻ എം പിയും ഡൽഹിയിലെ കേരള പ്രതിനിധിയുമായ ഡോ. എ സമ്പത്ത്, അതുൽ ഫൾസിലെ ഐ പി എസ് (ജോയിന്റ് ഡയറക്ടർ CBI), LIC ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ടി സി സുശീൽകുമാർ, ഡോ ജെയിംസ് തോമസ് (വൈസ് ചാൻസലർ ഡി വൈ പാട്ടീൽ യൂണിവേഴ്സിറ്റി ) തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
കെ ആൻഡ് കെ സോഷ്യൽ ഫൌണ്ടേഷൻ നാഷണൽ പ്രസിഡന്റ് പ്രിൻസ് വൈദ്യൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Get real time update about this post categories directly on your device, subscribe now.