അംഗന്‍വാടികള്‍ക്ക് ആധുനിക മുഖം നല്‍കി വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരേ കുടക്കീഴിലാക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.

അറിവ്, ആരോഗ്യം, സാമൂഹ്യ പ്രതിബദ്ധത എന്നിവയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അംഗന്‍വാടികള്‍ക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ ‘ദ ക്രാഡില്‍’ ന്റെ ജില്ലാതല ഉദ്ഘാടനം കാക്കൂര്‍ പഞ്ചായത്തിലെ പി സി.പാലം യു പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുട്ടികളെ മറ്റുള്ളവരെ ഏല്‍പ്പിച്ച് അസ്വസ്ഥമായ മനസോടെ തൊഴിലിടങ്ങളിലേക്ക് പോകുന്ന നിരവധി രക്ഷിതാക്കളുണ്ട്. ആശങ്കയില്ലാതെ ഇവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍ അംഗന്‍വാടികള്‍ക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തില്‍ കേരളം കൈവരിച്ച മുന്നേറ്റത്തിലും അംഗന്‍വാടികളുടെ പിന്തുണ ഏറെയുണ്ട്. നല്ല അംഗന്‍വാടി- നല്ല കുട്ടികള്‍ -നല്ല നാട് എന്ന സന്ദേശം ഉയര്‍ത്തുന്ന ക്രാഡില്‍ പദ്ധതി എന്തു കൊണ്ടും മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ക്രാഡില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്‌നേഹവലയത്തില്‍ സുരക്ഷിതരായിരിക്കേണ്ട കുട്ടികളുടെ ബുദ്ധിവികാസത്തേയും വളര്‍ച്ചയെയും പദ്ധതി ഏറെ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സുശക്തമായ പൊതു ആരോഗ്യവും ഉന്നതമായ സാമൂഹ്യബോധവും കേരളത്തെ മുന്നേറാന്‍ സഹായിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച അംഗന്‍വാടി നാടിന്റെ സ്വത്തായി പരിഗണിച്ച് സംരക്ഷിക്കണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപിന്തുണ ഉണ്ടാകണം. രാജ്യത്തിന് മുന്നില്‍ കേരളം വയ്ക്കുന്ന മറ്റൊരു മികച്ച മാതൃകയാവും ക്രാഡില്‍ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പദ്ധതിയുടെ ബ്രോഷര്‍, പ്രീ സ്‌കൂള്‍ പുസ്തകം എന്നിവയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് നല്‍കി മന്ത്രി നിര്‍വഹിച്ചു.

ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു അംഗന്‍വാടി ചേമഞ്ചേരിയില്‍ നിര്‍മിച്ചു വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.

എല്ലാ അംഗന്‍വാടികളും കാലഘട്ടത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ സീറാം സാമ്പശിവ റാവു, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല, തുടങ്ങിയവര്‍ സംസാരിച്ചു. വനിതാശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ഹഫ്‌സത്ത് പദ്ധതി വിശദീകരിച്ചു.

ഐസിഡിഎസ് സേവനങ്ങളെ സമഗ്രമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ വനിതശിശുവികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടപ്പാക്കുന്നപദ്ധതിയാണ് ദ ക്രാഡില്‍ (The Cradle) .

അങ്കണവാടികളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സേവനങ്ങള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കുള്ള സേവനം, ശിശുവളര്‍ച്ചാ നിരീക്ഷണം, സ്ത്രീകള്‍ക്കുള്ള നിയമസഹായങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇംഹാന്‍സ്, ആരോഗ്യവകുപ്പ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിദഗ്ദ ഡോക്ടര്‍മാര്‍, എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയില്‍ 10 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.