ഇന്ത്യയുടെ ഡച്ച് ബന്ധം ചര്‍ച്ചയാകുന്നു; പുസ്തകവും

നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍ണ്ണായക ചരിത്രസന്ധികളിലേക്ക് നീളുന്ന ഇന്ത്യാ-ഡച്ച് ബന്ധം ഇനി സമ്പുഷ്ടമായ ചര്‍ച്ചയ്ക്കും വായനക്കും വിഷയം.

അടുത്ത് നടക്കാനിരിക്കുന്ന നെതര്‍ലാന്‍ഡ്സ് രാജദമ്പതികള്‍ വില്ലം, മാക്‌സിമ എന്നിവരുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ചര്‍ച്ചയും തുടര്‍ന്ന് ഇന്ത്യാ-ഡച്ച് ബന്ധത്തിന്റെ ചരിത്രമാനങ്ങളും സമകാലിക പ്രാധാന്യവും വിശകലനം ചെയ്യുന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കുക. പുസ്തകം രചിച്ചതാകട്ടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമകാലിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ചുമതലയുള്ള നെതര്‍ലാന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ വേണു രാജാമണി.

ആംസ്റ്റര്‍ഡാമിലെ ദേശീയ മ്യൂസിയത്തില്‍ സെപ്തംബര്‍ 30ന് നടക്കുന്ന ഇന്ത്യാ-ഡച്ച് ബന്ധങ്ങളെക്കുറിച്ചുള്ള ഇന്ത്യാ-ഡച്ച് ബന്ധങ്ങളെ കുറിച്ചുള്ള സെമിനാറില്‍ രാജാവും രാജ്ഞിയും പങ്കെടുക്കും.

ഈ ചടങ്ങില്‍ വച്ചാവും അംബാസഡര്‍ വേണു രാജാമണി രചിച്ച പുസ്തകത്തിന്റെ ആദ്യ പ്രതി രാജാവ് ഏറ്റുവാങ്ങുക. കൊളോണിയല്‍ കാലത്തു നിന്ന് ആധുനിക ആഗോളക്രമത്തിലേക്ക് വളര്‍ന്ന രണ്ട് രാഷ്ട്രങ്ങളുടെ സവിശേഷ ചരിത്രബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന മുഹൂര്‍ത്തം.

നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഏഷ്യന്‍ ആര്‍ട്ട് സൊസൈറ്റിയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുള്ള സെമിനാറില്‍ ഡച്ച് എംപ്ലോയേഴ്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഹാന്‍സ് ഡെ ബൂര്‍, നെതര്‍ലാന്‍ഡ്സ് നാഷണല്‍ ആര്‍കൈവ്‌സ് ഡയറക്ടര്‍ മാറെന്‍സ് എന്‍കെല്‍ഹാര്‍ഡ്, ആര്‍കൈവ്‌സ് ഡയറക്ടര്‍ ടാക്കോ ഡിബിറ്റ്സ്, ഏഷ്യന്‍ കലാ വിഭാഗം തലവന്‍ മെന്നോ ഫിറ്റ്‌സ്‌കി, ചരിത്രവിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗോസ്സ്‌ലിങ്ക്,റോയല്‍ ഏഷ്യന്‍ ആര്‍ട്ട് സൊസൈറ്റി ചെയര്‍മാന്‍ പീറ്റര്‍ ഏരിയന്‍സ് കപ്പേഴ്സ് എന്നിവര്‍ ഇന്ത്യയും നെതര്‍ലാന്‍ഡ്സുമായുള്ള ചരിത്ര-സാംസ്‌കാരിക-വാണിജ്യ ബന്ധങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

‘ഇന്ത്യയും നെതര്‍ലാന്‍ഡ്സും: ഇന്നലെ, ഇന്ന്, നാളെ’ എന്ന അംബാസഡര്‍ രാജാമണിയുടെ പുസ്തകം ഇന്ത്യാ-ഡച്ച് സാംസ്‌കാരികവിനിമയത്തിന്റെ നാനാവശങ്ങളും പരിശോധിക്കുന്നു. ഡച്ച് ലോകവീക്ഷണത്തില്‍ ഇന്ത്യക്ക് ഉണ്ടായിരുന്ന പ്രമുഖ സ്ഥാനവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ ചരിത്രഘട്ടങ്ങളിലൂടെ വളര്‍ന്നു വന്നിട്ടുള്ള ഊഷ്മളമായ ബന്ധവും ആ പ്രക്രിയയില്‍ സുപ്രധാനമായ പങ്ക് വഹിച്ച വ്യക്തികളുടെ നഖചിത്രങ്ങളുമെല്ലാം പുസ്തകത്തെ സമ്പന്നമായ വായനാനുഭവമാക്കുന്നു.

ഇതുവരെ വെളിച്ചം കാണാത്ത നിരവധി ചരിത്രവസ്തുതകളും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ വളര്‍ച്ചാ സാധ്യതകളും പരിശോധിക്കുന്ന ഈ പുസ്തകം അംബാസഡര്‍ വേണു രാജാമണിയുടെ കഴിഞ്ഞ ഒന്നരവര്‍ഷക്കാലം നീണ്ട ഗവേഷണത്തിന്റെ പഠനത്തിന്റെയും ഫലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here