ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡ്. കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചിയും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.

പ്ലാസ്റ്റിക് വിമുക്തകേരളം പ്ലാസ്റ്റിക് വിമുക്തഓണം എന്ന മുഖ്യമന്ത്രിയുടെ സന്ദേശമാണ് വാര്‍ഡ് കൗണ്‍സിലര്‍ ഐ പി ബിനുവിന് പ്രചോദനമായത്.

തുടര്‍ന്നാണ് കുന്നുകുഴിവാര്‍ഡ് ഈ ഓണത്തിന് പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കൗണ്‍സിലര്‍ക്കൊപ്പം ഒരുകൂട്ടം വിദ്യാര്‍ത്ഥികളും ഈ മദ്രാവാക്യം ഏറ്റെടുത്ത് രംഗത്തുണ്ട് .തങ്ങള്‍ ഏറ്റെടുത്ത ഈ ദൗത്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇവര്‍ അറിയിച്ചു.

വാര്‍ഡിലെ വീടുകള്‍ തോറും കൗണ്‍സിലറും കുട്ടികളും കയറി ഇറങ്ങി പ്ലാസ്റ്റിക് ഒഴിവാക്കാന്‍ അഭ്യര്‍ത്തിക്കും. ഇവര്‍ക്കൊപ്പം കുന്നുകുഴി വാര്‍ഡിന്റെ ബ്രാന്റ് അംബാസിഡര്‍ ജാസീ ഗിഫ്റ്റുമുണ്ട്.

പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി വീടുകളില്‍ എത്തുന്ന വോളന്റിയര്‍മാര്‍ തുണി സഞ്ചിയും വിതരണം നടത്തുന്നുണ്ട്. ഈ ക്യാമ്പയിന്‍ തന്റെ വാര്‍ഡിര്‍ മാത്രം ഒതുക്കാതെ നഗരസഭയുടെ മറ്റ് പ്രദേശങ്ങളിലും നടത്താനാണ് ഐപി ബിനു ശ്രമിക്കുന്നത്.