നടി മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ഗംഭീര പ്രകടനമാണ് ധനുഷും മഞ്ജു വാര്യരും ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് ട്രെയിലര്‍ നൽകുന്ന സൂചന.

ധനുഷ്- വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് അസുരന്‍. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ ധനുഷ് രണ്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

വളരെ ഗൗരവകരമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ചിത്രത്തിൻ്റെ മേക്കിങ്ങിൽ വലിയ പ്രതീക്ഷയാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

രണ്ടു തലമുറകളെ പ്രതിനിധീകരിക്കുന്ന രണ്ടു കഥാപാത്രങ്ങളെയാണ് ധനുഷ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

രാജദേവന്‍, കാളി എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. രണ്ടു കഥാപാത്രങ്ങളുടെയും ലുക്ക് വേറെ വേറെ പോസ്റ്ററുകളായി മുൻപ് പുറത്തിറക്കിയിരുന്നു.

പഴയ സ്റ്റൈല്‍ ആയ പെന്‍സില്‍ മീശയും ചീകി വച്ച മുടിയുമായി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റിലാണ് ഒരു ലുക്ക് വരുന്നത്.

യുവത്വം തിളയ്ക്കുന്ന ലുക്കാണ് രണ്ടാമത്തെ ചിത്രത്തില്‍. മഞ്ജുവിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. വെട്രിമാരനാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. പഴയകാലത്തെ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ ജോഡി ആയാണ് മഞ്ജു ഈ ചിത്രത്തില്‍ എത്തുക.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

വി ക്രിയേഷന്‍സിൻ്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരൻ നിര്‍മ്മിക്കുന്നത്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒക്ടോബര്‍ നാലിന് ചിത്രം തീയേറ്ററുകളിലെത്തും