നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ തളച്ചിടരുത്: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ കെ താഹിൽ രമണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ വലിയ വിവാദത്തിന് വഴിവെച്ചിരിക്കയാണ്.

ജഡ്ജിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് കൊളീജിയത്തിന്റെ ഇടപെടലുകളെ കുറിച്ച് നിയമ വിദഗ്ദർക്കും അഭിഭാഷക സമൂഹത്തിനുമിടയിൽ പ്രതിഷേധത്തിനിടയാക്കും വിധമാണ് ജസ്റ്റീസ് വിജയ കെ താഹിൽ രമണിയുടെ മേഘാലയയിലേക്കുള്ള സ്ഥലം മാറ്റം വിലയിരുത്തപ്പെട്ടത്.

ഒരു കാരണവുമില്ലാതെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിക്ഷേധിച്ചാണ് അവർ രാജിവെച്ചത്.

കഴിഞ്ഞ ആഗസ്റ്റ് 28നാണ് തന്നേക്കാൾ രണ്ടര വർഷം ജൂനിയറായാ മേഘാലയ ചീഫ് ജസ്റ്റീസിനെ മദ്രാസ് ഹൈക്കോടതിയിലേക്കും ജ.വിജയ കെ താഹിൽ രമണിയെ തിരിച്ചും സ്ഥലം മാറ്റിയത്.

ഇതിനെതിരെ അവർ നൽകിയ അപേക്ഷ സെപ്തംബർ 3ന് പ്രത്യേക കാരണമൊന്നും പറയാതെ കൊളീജിയം നിരസിക്കുകയായിരുന്നു.

സുപ്രീം കോടതിയിലെ കേസുകൾ കേൾക്കുന്നതിനുള്ള ബെഞ്ചുകൾ നിശ്ചയിക്കുന്ന വിഷയത്തിൽ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര എടുത്ത നടപടികൾക്കെതിരെ ശക്തമായ പരസ്യ പ്രതികരണം നടത്തിയ നാല് സുപ്രീം കോടതി ജഡ്ജിമാരിൽ ഉൾപ്പെട്ട ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്.

75 ജഡ്ജിമാരുള്ള, രാജ്യത്തെ നാലാമത്തെ വലിയ ഹൈക്കോടതിയാണ് മദ്രാസ് ഹൈക്കോടതി, മേഘാലയ ഹൈക്കോടതി വെറും മൂന്ന് ജഡ്ജിമാർ മാത്രമുള്ളതാകയാൽ പ്രത്യേക സാഹചര്യങ്ങൾ ഒന്നുമില്ലാതെ ഏറ്റവും സീനിയർ ആയ ഒരു ജഡ്ജിയെ അപ്രധാനമായ ഒരിടത്തേക്ക് മാറ്റിയ നടപടി ഒരു ഒരു തരം താഴ്ത്തലാണെന്ന വിമർശനവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

സുതാര്യതയില്ലാത്ത നിയമന നടപടികളും സ്ഥലം മാറ്റലുകളും സംബന്ധിച്ച് കൊളീജയത്തേക്കാൾ വിശ്വാസ്യതയുള്ള നാഷണൽ ജഡ്ജസ് അപ്പോയന്റ്മെൻസ് കമ്മീഷൻ രൂപീകരിക്കണമെന്ന പൊതു ആവശ്യം ഏറെക്കാലമായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കയാണ്.

സമീപകാലത്തെ ജഡ്ജി നിയമനങ്ങളും സ്ഥലം മാറ്റങ്ങളും വലിയ വിമർശനമാണ് കൊളീജിയം സമ്പ്രദായത്തിനെതിരെ ഉയർത്തിയിട്ടുള്ളത്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം.

കുപ്രസിദ്ധമായ ഗുജറാത്ത് വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് നടന്ന ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിൽ വിചാരണ കേട്ട ന്യായാധിപർക്കെല്ലാം ഇത്തരം പ്രതികൂലമായ സാഹചര്യങ്ങൾ നേരിടേണ്ട സാഹചര്യം ഉണ്ടാവുന്നത് തികച്ചും ആകസ്മികമോ, സ്വാഭാവിക സംഭവങ്ങളായി കാണാനാവില്ല.

ഗുജറാത്ത് കലാപ കാലത്തെ ബിൽക്കിസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച ജഡ്ജിയാണ് ജസ്റ്റീസ് വി കെ താഹിൽരമണി.

ഇതിന് മുൻപ് ഇസ്രത്ത് ജെഹാൻ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും, തന്റെ നിരീക്ഷണത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തുകയും, ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കലാപത്തിലുള്ള പങ്ക് പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ജയന്ത് പട്ടേലിനെ ആദ്യം കർണ്ണാടകയിലേക്കും പിന്നീട് അലഹാബാദിലേക്കും മാറ്റിയിരുന്നു.

സുപ്രീം കോടതിയിലേക്കുള്ള ഉയർത്തപ്പെടാതെ തഴയപ്പെട്ടതിനെ തുടർന്ന് അദ്ദേഹവും രാജിവെച്ച് തന്റെ കരിയർ അവസാനിപ്പിക്കുകയിരുന്നു.

സൊഹ്റാബുദ്ദീൻ കേസിൽ അമിത് ഷായെ റിമാന്റ് ചെയ്ത ജസ്റ്റീസ്. അഖിൽ ഖുറേഷിയും അനാവശ്യമായി സ്ഥലം മാറ്റപ്പെട്ടു.

മധ്യപ്രദേശ് ചീഫ് ജസ്റ്റീസ് ആയി ശുപാർശ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ നിയമനം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. ജസ്റ്റീസ് കെ എം ജോസഫിന്റെ കാര്യത്തിൽ നിയമനം തടയാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ കുപ്രസിദ്ധമാണ്.

സ്വതന്ത്രമായി നിലകൊള്ളേണ്ട ജുഡീഷ്യറിയിലെ ആഭ്യന്തര വിഷയങ്ങളിൽ എക്സിക്യുട്ടീവ് പിടിമുറുക്കുന്നുണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ജ്യുഡീഷ്യറിയുടെ വിശ്വാസ്യതയെ തന്നെ പ്രതികൂലമായി ബാധിക്കും.

ന്യായാധിപർ അവരിൽ നിക്ഷിപ്തമായ കൃത്യനിർവ്വഹണത്തിനിടെ പ്രസ്താവിക്കുന്ന വിധികളുടെ പേരിൽ പിന്നീട് ക്രൂശിക്കപ്പെടുന്നുവെന്ന തോന്നൽ സൃഷ്ടിക്കുന്നത് നീതിനിർവ്വഹണ സംവിധാനത്തിന്റെ നിലനിൽപ്പിന് തന്നെ ദോഷകരമാണ്.

അത് കൊണ്ട് തന്നെ ജ. താഹിൽരമണിയുടെ രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ അപലപനീയമാണ്. കോടതികളുടെ ഭരണപരമായ കാര്യങ്ങളിൽ അനുചിതമായ ഇടപെടലുകൾ എക്സിക്യൂട്ടീവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ.

കേന്ദ്ര ഭരണകക്ഷിയുടെ സ്വാധീനത്തിന് പുറത്തല്ല നീതിപീഠത്തിന്റെ മുൻഗണനകൾ ഉണ്ടാവേണ്ടത് എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ജസ്റ്റീസ് വിജയാ താഹിൽരമണി വിഷയത്തിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ജുഡീഷ്യറിയുടെ നിർഭയവും സ്വതന്ത്രവുമായ അസ്തിത്വം നിലനിർത്താനാവശ്യമായ പോരാട്ടത്തിന് നിക്ഷ്പക്ഷ നീതിന്യായ സംവിധാനം നിലനിന്ന് കാണാൻ ആഗ്രഹിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News