മരട് സുപ്രീം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം; ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ നടപടി തുടങ്ങി

കൊച്ചി: തീരദേശനിമയം ലംഘിച്ച്‌ നിർമിച്ച മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. എത്രയും വേഗം ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മരട്‌ നഗരസഭയ്‌ക്കും കലക്‌ടർക്കും സർക്കാർ കത്തുനൽകി.

സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. സുരക്ഷിതമായി ഫ്ലാറ്റ്‌ പൊളിച്ചുനീക്കാൻ സാധിക്കുന്ന ഏജൻസിയെ കണ്ടെത്താൻ കാലതാമസമില്ലാതെ ടെൻഡർ നൽകണം.

താമസക്കാരുടെ പുനരധിവാസം കലക്ടറുമായി ആലോചിച്ചു തീരുമാനിക്കണമെന്നും സർക്കാർ കത്തിൽ നിർദേശിച്ചിട്ടുണ്ട്.

നടപടികൾ പൂർത്തിയാക്കി 18ന്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും ഡെപ്യൂട്ടി സെക്രട്ടറി എൻ സജുകുമാർ ഒപ്പുവച്ച കത്തിൽ പറയുന്നു.

അതേസമയം, വിഷയം ചർച്ചചെയ്യാൻ അടിയന്തര കൗൺസിൽ ചേരുമെന്നും കലക്‌ടറുമായി കൂടിയാലോചിക്കുമെന്നും മരട് മുനിസിപ്പൽ ചെയർപേഴ്‍സൺ ടി എച്ച് നദീറ പറഞ്ഞു.

തങ്ങൾ നിസ്സഹായരാണെന്നും നഷ്‌ടപരിഹാരം സംബന്ധിച്ച്‌ വ്യക്തതയില്ലാത്തത്‌ ആശങ്കയുണ്ടാക്കുന്നതായും ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.

അഞ്ച്‌ സമുച്ചയങ്ങളിലായി നിർമിച്ച 350 ഫ്ലാറ്റുകൾ 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്നാണ്‌ സംസ്ഥാന സർക്കാരിനോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഫ്ലാറ്റ്‌ പൊളിച്ചുമാറ്റിയത്‌ സംബന്ധിച്ച്‌ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരായി ബോധിപ്പിക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ പറയുന്നുണ്ട്‌.

നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്‌ത്ത്‌ എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണ്‌ പൊളിക്കേണ്ടത്.

മെയ് എട്ടിനാണ് ഫ്ലാറ്റുകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചത്. എന്നാൽ, ജൂൺ 10ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് മേയിലെ ഉത്തരവ് ആറ്‌ ആഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തു.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ജൂലൈ അഞ്ചിന്‌ സ്റ്റേ നീക്കിയതോടെ വീണ്ടും ഉത്തരവ്‌ പ്രാബല്യത്തിലായി. ഫ്ലാറ്റ് ഉടമകളുടെയും നിർമാതാക്കളുടെയും പുനഃപരിശോധനാ ഹർജികളും തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News