സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കില്‍; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടി ഉയര്‍ന്നു

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കിലാണ്. സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളത്തിന്റെ പരമ്പരാഗത തനിമ നിറഞ്ഞ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നും ആയോധന കലാ പ്രകടനങ്ങളുമെല്ലാം ഇക്കൊല്ലത്തെ ഓണം വാരാഘോഷത്തിന്റെ മാറ്റുകൂട്ടും. പ്രളയ പശ്ചാത്തലത്തിലാണ് സംസ്ഥാനമെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ദേശീയ പുരസ്‌കാര ജേതാവ് കീര്‍ത്തി സുരേഷ്, പ്രശസ്ത സിനിമാ താരം ടൊവിനോ തോമസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. പ്രശസ്ത പിന്നണിഗായിക കെ.എസ് ചിത്രയും സംഗീത സംവിധായകന്‍ ശരത്തും നയിക്കുന്ന സംഗീതരാവോടു കൂടിയാണ് രാവുണരുക. കൈരളി ചാനലും റെഡ് എഫ്.എമ്മും ചേര്‍ന്നാണ് സംഗീതരാവ് സംഘടിപ്പിക്കുന്നത്.

വെള്ളായണി ഉള്‍പ്പടെ തലസ്ഥാന നഗരിക്ക് അകത്തും പുറത്തുമായി 29 വേദികളിലാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ അയ്യായിരത്തിലേറെ കലാകാരന്മാര്‍ അണിനിരക്കും.

പ്രശസ്ത പിന്നണി ഗായകര്‍, നര്‍ത്തകര്‍, മ്യൂസിക് ബാന്‍ഡ് ഷോ എന്നിവ മുഖ്യ ആകര്‍ഷണമാണ്. വൈദ്യുത-ദീപാലങ്കാരവും ഭക്ഷ്യമേളയും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. 16 വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാകും സമാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here