കശ്മീരില്‍ ഷിയാ മുസ്ലീങ്ങളുടെ മുഹറം പ്രകടനങ്ങള്‍ക്ക് വിലക്ക്; പൊലീസുമായി ഏറ്റുമുട്ടല്‍; മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരുക്ക്; ശ്രീനഗറില്‍ നിരോധനാജ്ഞ

ദില്ലി: മുഹറം മുന്‍നിര്‍ത്തി കശ്മീര്‍ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വീണ്ടും നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. ശ്രീനഗര്‍ അടക്കമുള്ള മേഖലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഷിയാ മുസ്ലീങ്ങള്‍ പരമ്പരാഗതമായി നടത്തിവരുന്ന മുഹറം പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രകടനത്തിന് ശ്രമിച്ച ഷിയാ മുസ്ലീങ്ങളും പൊലീസും പലയിടത്തും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കുണ്ട്.

ശ്രീനഗറില്‍ മുഹറം പ്രകടനം റിപ്പോര്‍ട്ടുചെയ്യാന്‍ പോയ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റു. ഒരു ഫോട്ടോഗ്രാഫര്‍ക്ക് പെല്ലറ്റ് പരുക്കുമുണ്ട്. ക്യാമറ തല്ലിതകര്‍ക്കുകയും ചെയ്തു. പ്രകടനത്തിന്റെ ചിത്രങ്ങളെടുത്തതാണ് പൊലീസിനെ പ്രകോപിച്ചത്. മാധ്യമപ്രവര്‍ത്തകരായ ഷാഹിദ് ഖാന്‍, മുബഷീര്‍ ധര്‍, ബിലാല്‍ ഭട്ട് എന്നിവര്‍ക്കാണ് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്.

തുടര്‍ച്ചയായ 35-ാം ദിവസവും കശ്മീരില്‍ ജനജീവിതം സ്തംഭിച്ച നിലയിലാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല. സ്‌കൂളുകളും അടഞ്ഞുതന്നെ. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാര്‍ജ നില കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News