തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ നിരാഹാരസമരമാരംഭിച്ചു.

മഠത്തിനുള്ളില്‍ അനുഷ്ഠിക്കേണ്ട ചാതുര്‍മാസ വൃതം മുടങ്ങിയതിലും മുഞ്ചിറ മഠം കൈയ്യേറിയതിലും പ്രതിഷേധിച്ചാണ് നിരാഹാരം. 30 വര്‍ഷമായി സേവാഭാരതി മഠം പിടിച്ചെടുത്ത വാര്‍ത്ത കൈരളി ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

സേവാഭാരതി പിടിച്ചെടുത്ത് ആരംഭിച്ച ബാലസദനത്തിനു മുന്നിലാണ് മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരം ആരംഭിച്ചത്. കോട്ടയ്ക്കകം മിത്രാനന്ദപുരം ക്ഷേത്രത്തിനു സമീപത്തുള്ള മഠമാണ് സേവാഭാരതി 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈയേറിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം കൂടിയാണിത്. വൃതം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്വാമിയാരുടെ നിരാഹാരം.

മുഞ്ചിറ മഠം കൈയ്യേറിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസാണ്. മഠം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമി നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ആര്‍എസ്എസുകാര്‍ സ്വാമിയെ നിരന്തരം ഭീഷണിപ്പെടുത്തി. പുഷ്പാഞ്ചലി സ്വാമിയുടെ രണ്ടുമാസം നീളുന്ന ആചാരപരമായ ചാതുര്‍മാസ വ്രതം ജൂലൈ 16-നാണ് ആരംഭിച്ചത്.

മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിന് സമീപത്തെ മഠത്തിലാണ് സ്വാമിയാര്‍ വ്രതത്തിന് പോയത്. സേവാഭാരതിയുടെ ബാലസദനത്തിന്റെ പ്രവര്‍ത്തകര്‍ അതിന് അനുവദിച്ചില്ല. പിന്നീട് കെട്ടിടത്തിന് പുറത്തിരുന്ന് അദ്ദേഹം വ്രതത്തിന്റെ ഭാഗമായ പൂജ നടത്തി. മറ്റ് ദിവസങ്ങളില്‍ താമസസ്ഥലത്താണ് വ്രതമനുഷ്ഠിച്ചത്.

ബാലസദനം പ്രവര്‍ത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠം വകയാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് കൂടിയാണ് അദ്ദേഹം ഇപ്പോള്‍ നിരാഹാരം തുടങ്ങിയത്. മഠം തിരിച്ചുകിട്ടിയില്ലെങ്കില്‍ സമാധിവരെ നിരാഹാരം തുടരുമെന്ന് സ്വാമിയാര്‍ വ്യക്തമാക്കി.