‘ബാഹുബലി’ക്ക് ശേഷം വീണ്ടും ബോക്‌സ് ഓഫീസില്‍ പ്രഭാസ് പ്രഭാവം. സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പത്ത് ദിവസം കൊണ്ട് ചിത്രം 400 കോടി ക്ലബില്‍ ഇടം നേടി. ചിത്രത്തിന്റെ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സ് ട്വിറ്ററിലൂടെയാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വിട്ടത്.

യുവ സംവിധായകന്‍ സുജീത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സാഹോ കേരളത്തിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണം നേടി. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് സാഹോയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ഗിബ്രാന്‍ പശ്ചാത്തല സംഗീതവും, ഛായാഗ്രഹണം ആര്‍. മഥിയും, എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള താരങ്ങളായ ലാലും ദേവനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രദ്ധ കപൂറാണ് നായിക.
ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, മന്ദിര ബേദി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ആര്‍.ഡി. ഇല്യുമിനേഷന്‍ ആണ് സാഹോ കേരളത്തില്‍ വിതരണം നിര്‍വഹിച്ചത്.