കെയര്‍ ആന്‍ഡ് ഷെയറിനും മമ്മൂട്ടിക്കും പിറന്നാള്‍ കാലം: സമ്മാനമായി ആദിവാസികള്‍ക്ക് ടെലിമെഡിസിനും ക്യാന്‍സര്‍ സുരക്ഷയും

പത്മശ്രീ മമ്മൂട്ടി നേതൃത്വ ം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ & ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസികള്‍ക്കായി നടപ്പിലാക്കുന്ന പൂര്‍വികം പദ്ധതിയുടെ കീഴിലാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കമാവുന്നത്.

കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍, അലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ടെലിമെഡിസിന്‍ സമ്പ്രദായമാണ് നിലവില്‍ വന്ന പദ്ധതികളിലൊന്ന്.
തൃശ്ശൂര്‍ വാഴച്ചാല്‍ പുകയിലപ്പാറയിലെ ആദിവാസി കോളനിയിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതോടൊപ്പം രാജഗിരി ക്യാന്‍സര്‍ കെയര്‍ വിഭാഗവുമായി സഹകരിച്ചു കേരളത്തിലെ മുഴുവന്‍ ആദിവാസി സ്ത്രീകള്‍ക്കും സൗജന്യ ക്യാന്‍സര്‍ പരിശോധനയും ലഭ്യമാക്കും.

രണ്ടു വര്‍ഷം കൊണ്ടു മുഴുവന്‍ ആദിവാസി സ്ത്രീകള്‍ക്കും പദ്ധതിയുടെ സഹായം ലഭ്യമാക്കും.കെയര്‍ & ഷെയറിന്റെ പത്താം വാര്‍ഷികം ആഘോഷ വേളയിലാണ് പുതിയ പദ്ധതികള്‍ മമ്മൂട്ടി നാടിന് സമര്‍പ്പിച്ചത്.

വാഴച്ചാല്‍ ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫിസിന്റെ സഹായത്തോടെയാണ് പുകയില പാറയില്‍ ടെലിമെഡിസിന്‍ സംവിധാനം സ്ഥാപിച്ചത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ വഴി രാജഗിരി ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി വനവാസികള്‍ക്ക് ചര്‍ച്ചകള്‍ നടത്തുവാനും ഉപദേശങ്ങള്‍ സ്വീകരിക്കുവാനും ഇതുവഴി സാധിക്കും.

മുഖ്യ പാതയില്‍ നിന്നും മൂന്നു മണിക്കൂറോളം യാത്ര ചെയ്തു കാടിനുള്ളില്‍ ഉള്ള പ്രദേശമായ പുകയില പാറയില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വനം വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മുറക്ക് അര്‍ഹതപ്പെട്ട മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെണ്ടെന്നു മമ്മൂട്ടി പറഞ്ഞു.

നിരാലംബരായ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് അത്താണി ആകാന്‍ കെയര്‍ ആന്‍ഡ് ഷെയറിനു കഴിഞ്ഞത് നിരവധി സുമനസ്സുകളുടെ സഹായം കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു

മൂന്നാര്‍ മറയൂര്‍ കമ്മാളന്‍ കുടി ആദിവാസി കോളനിയിലെ തലൈവര്‍ ഗുരുസ്വാമി യാണ് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തത്. ക്യാന്‍സര്‍ പരിശോധന പദ്ധതി നയിക്കുന്നത് പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദന്‍ ആയ ഡോ സഞ്ജു വി സിറിയക് ആണ്. ഡോ സഞ്ജുവിനു ദീപശിഖ കൈമാറി പരിശോധന ക്യാംപെയിന്‍ മമ്മൂട്ടി ഉത്ഘാടനം ചെയ്തു.

ക്യാമ്പുകള്‍ നടത്താന്‍ ആഗ്രഹിക്കന്നവര്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ വഴി 0484 2905000 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് ക്യാമ്പുകള്‍ ബുക്ക് ചെയ്യാവുന്നതാണ് എന്ന് രാജഗിരി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി സി.എം.ഐ അറിയിച്ചു.

. പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഹൃദയ ശസ്ത്രക്രിയ സഹായ പദ്ധതിയായ ‘ഹൃദയസ്പര്‍ശം ‘ , ലഹരി വിരുദ്ധ പ്രചാരണ പദ്ധതിയായ ‘വഴികാട്ടി ‘, അനാഥ കുട്ടികളുടെ ഉപരി പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം’, സൗജന്യ വൃക്ക മാറ്റിവക്കല്‍ പദ്ധതി യായ ‘സുകൃതം ‘ തുടങ്ങിയവയാണ് കെയര്‍ ആന്‍ഡ് ഷെയറിന്റെ മറ്റ് പദ്ധതികള്‍ .

ഇതിനിടെ തങ്ങളുടെ പ്രിയതാരത്തിനുള്ള ജന്മദിന സമ്മാനമായി ‘വയനാട്ടിലെ മധ്യപാടി ആദിവാസി ഗ്രാമത്തിലെ ഒരു ഊര് ദത്തെടുക്കുന്നതിനുള്ള വാഗ്ദാനപത്രം സൗദി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് കൈമാറി. ചടങ്ങില്‍ വച്ചു ജന്മ ദിന കേക്ക് മുറിച്ച മമ്മൂട്ടി അതിഥികളുമായി മധുരം പങ്കു വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News