തൃശൂരിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂർ കുന്നംകുളത്തെ പ്രാദേശിക ചാനലായ സിസിടിവിയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരെയാണ് ക്രിമിനലുകളുടെ ആക്രമണം ഉണ്ടായത്.

സിസിടിവി പെരുമ്പിലാവ് ബ്യൂറോ റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്തിനെയാണ് പാറേംപാടത്ത് വെച്ച് രണ്ടംഗ ക്രിമിനല്‍ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി. പോര്‍ക്കുളം കോളനിയില്‍ നെന്മണിക്കര പ്രദീപിന്റെ മകന്‍ 19 വയസുള്ള ശ്രീജിത്, കരിക്കാട് പുലിക്കോട്ടില്‍ രാജന്റെ മകന്‍ 19 വയസുള്ള ശരത് എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച ഉച്ചയോടെ പാറേംപാടം കുരിശിന് സമീപം പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഗതാഗത തടസവും കാര്‍ യാത്രികരെ മര്‍ദ്ദിക്കുന്ന ദൃശ്യവും ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് ഹരിക്ക് നേരെ ഇവര്‍ പാഞ്ഞടുത്തത്.

മുഖത്ത് മര്‍ദ്ദിച്ച് താഴെയിട്ട ഹരിയെ പ്രതികള്‍ തലങ്ങും വിലങ്ങും ചവിട്ടി. പ്രതികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹരിയെ ഇവര്‍ പിന്തുടര്‍ന്ന് ചവിട്ടിവീഴ്ത്തി പിന്നെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഹരിയുടെ മൂക്കിന്റെ പാലം തകര്‍ന്നു.

വലത് കാലിനും പരിക്കുണ്ട്. വീഡിയോ ക്യാമറയും അക്രമികള്‍ തകര്‍ത്തു. മര്‍ദ്ദനമേറ്റ് കിടന്ന ഹരിയെ കുന്നംകുളം പോലീസെത്തിയാണ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളും ലഹരിക്കടിമകളുമാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും പ്രതികള്‍ മാധ്യമപ്രവര്‍ക്കുനേരെ ആക്രോശവും വധഭീഷണിയും ഉയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here