കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയത് കോടികളുടെ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ചെറുപുഴയില്‍ കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെട്ടിടനിര്‍മാണത്തിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്ന് കരാറുകാരനായ ജോസഫ് മരിക്കാനിടയായതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.
ഒപ്പം ട്രസ്റ്റിന്റെ പേരില്‍ നടന്ന തിരിമറികളും വെട്ടിപ്പും വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുയായിരുന്നു അദ്ദേഹം.

ദുഃഖകരവും അതീവ ഗൗരവതരവുമാണ് ചെറുപുഴയിലെ സംഭവങ്ങള്‍. കോണ്‍ഗ്രസ് നേതൃത്വം എങ്ങനെയാണ് ഓരോ സ്ഥാപനവും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണിത്. ട്രസ്റ്റിനു വേണ്ടി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തിട്ടും കോണ്‍ട്രാക്ടറുടെ പണം കൊടുത്തില്ല.പിരിച്ച പണം കോണ്‍ഗ്രസ് നേതാക്കള്‍ എന്തു ചെയ്തു. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും മൗനം പാലിക്കുകയാണ്. എല്ലാറ്റിനും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും പ്രസ്താവന നടത്തുന്ന രമേശ് ചെന്നിത്തല എന്തേ മിണ്ടുന്നില്ല? കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണം.

ഉത്തരവാദികളായ ആളുകളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണം. പി ജെ ജോസഫ് എല്‍ഡിഎഫിലേക്കു വരാന്‍ സാധ്യത കാണുന്നുണ്ടോ? അങ്ങനെയാരെങ്കിലും വരുന്നുണ്ടോയെന്നു നോക്കി പ്രവര്‍ത്തിക്കുന്ന മുന്നണിയല്ല എല്‍ഡിഎഫ്.രാഷ്ട്രീയനിലപാട് നോക്കിയാണ് നിലപാട് സ്വീകരിക്കാന്‍ കഴിയുക. പി ജെ ജോസഫ് ഇതുവരെ യുഡിഎഫ് നിലപാടിനെതിരെ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയില്ല എന്നതു മാത്രമാണ് പ്രശ്നം.

ജോസ് കെ മാണിയും പി ജെ ജോസഫിനെതിരെ ഒരു രാഷ്ട്രീയ പ്രശ്നവും ഉന്നയിച്ചിട്ടില്ല. കൃത്യമായ രാഷ്ട്രീയ നിലപാട് എടുക്കാത്തിടത്തോളം ഇത്തരം വിവാദങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. എല്‍ഡിഎഫ് രാഷ്ട്രീയ നയങ്ങള്‍ പ്രചരിപ്പിച്ചുതന്നെ പാലായില്‍ ഇത്തവണ ഞങ്ങള്‍ക്കു ജയിക്കാന്‍ കഴിയും.അപ്പുറത്തെ മുന്നണിയിലെ കലാപമോ പ്രശ്നങ്ങളോ നോക്കിയല്ല എല്‍ഡിഎഫ് ജയസാധ്യത പാലായില്‍ നിശ്ചയിക്കപ്പെടാന്‍ പോകുന്നത്. ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നുകരുതുന്നുണ്ടോ? ബിജെപി എല്ലാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കാറ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതു കണ്ടു. കണ്ണൂര്‍ ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും അവര്‍ക്കു കിട്ടേണ്ട വോട്ട് കിട്ടിയില്ല. രണ്ടു മണ്ഡലങ്ങള്‍ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം ഇഷ്ടംപോലെ വോട്ടു ചെയ്യാമെന്ന് ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതാണ്. കേരളത്തില്‍ ബിജെപി ഏപ്പോഴും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും-കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News