സുപ്രീം കോടതി പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയം ചീഫ് സെക്രട്ടറി ടോം ജോസും കലക്ടര്‍ എസ് സുഹാസും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് ശേഷം മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ടി എച്ച് നദീറയുമായി ഇരുവരും കൂടികാഴ്ച നടത്തി.
സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അതിനാല്‍ താമസക്കാര്‍ക്ക് ഒഴിഞ്ഞു പോകാനായി നോട്ടീസ് നല്‍കാന്‍ ചീഫ് സെക്രട്ടറി ചെയര്‍പേഴ്സണോട് ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ എല്ലാ സഹായവും ജില്ലാ ഭരണ നേതൃത്വം നല്‍കുമെന്ന് കലക്ടര്‍ എസ് സുഹാസ് ചെയര്‍പേഴ്സണെ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കും.താമസക്കാര്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കും. തുടര്‍നടപടികള്‍ കൗണ്‍സിലില്‍ തീരുമാനിക്കുമെന്ന് ചെയര്‍പേഴ്സണ്‍ നദീറ പറഞ്ഞു.
അതേസമയം ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് സന്ദര്‍ശിക്കനെത്തിയ ചീഫ് സെക്രട്ടറിക്കു നേരെ താമസക്കാര്‍ പ്രതിഷേധം നടത്തി. ഗോബാക്ക് വിളികളുമായാണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ചത്. ഏറെ പണിപ്പെട്ടാണ് പൊലീസ് ചീഫ് സെക്രട്ടറിയെ തിരികെ കാറിലെത്തിച്ചത്.
പൊളിച്ച് നീക്കേണ്ട എല്ലാ ഫ്‌ളാറ്റുകളും പിന്നീട് അദേഹം സന്ദര്‍ശിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇത് നിറവേറ്റുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞു.
എന്നാല്‍ മരട് ഫ്‌ളാറ്റ് വിഷയത്തില്‍ വീണ്ടും ഹര്‍ജിയുമായി ഫ്‌ളാറ്റുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റുടമകള്‍ പുതിയ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരുന്നത്. വിഷയത്തില്‍ സുപ്രീം കോടതിയെ സര്‍ക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചില്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നത്.
അപാര്‍ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന് ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ലെന്നും ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് അഞ്ച് സമുച്ചയങ്ങളിലായി നിര്‍മ്മിച്ച 350 ഫ്‌ളാറ്റുകള്‍ 20ന് മുമ്പ് പൊളിച്ചു നീക്കി 23ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് മരട് നഗരസഭയ്ക്കും കലക്ടര്‍ക്കും തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.