പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റണം – മന്ത്രി എ.കെ ശശീന്ദ്രൻ

മനുഷ്യൻ പ്രകൃതിയോട് ചെയ്ത വലിയ വീഴ്ചകളുടെ കൂടി ഫലമാണ് തുടർച്ചയായ രണ്ടു വർഷങ്ങളിൽ സംസ്ഥാനം അനുഭവിച്ച പ്രളയം. ഈ സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശമാക്കി ഓണക്കാലത്തെ മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ജില്ലാതല ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏതു പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ കരുത്തുള്ള ജന സമൂഹമായി മലയാളികളെ ലോകം അംഗീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പതറി പോവുകയും പകച്ചു നിൽക്കുകയും ചെയ്യാതെ ഉറച്ച കാൽ വെപ്പുകളോടെ മുന്നേറാനുള്ള മാതൃകയാണ് കേരളം കാണിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൈതപ്രം ദാമോദരൻ നമ്പൂതിരിയെയും സിനിമാ താരം ആശാ ശരത്തിനെയും മന്ത്രി എ.കെ ശശീന്ദ്രൻ ആദരിച്ചു. ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. എംഎല്‍എ പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ.ഡി.എം റോഷ്നി നാരായൺ, കോർപറേഷൻ കൗൺസിലർ പി. എം നിയാസ്, വാർഡ് കൗൺസിലർ ജയശ്രീ കീർത്തി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനിൽ കുമാര്‍, ഡിടിപിസി സെക്രട്ടറി സി.പി ബീന, ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്.കെ സജീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടർന്ന് ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള‘ദേവഭൂമിക’ നൃത്ത–സംഗീത ശിൽപവും അരങ്ങേറി. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ സമന്വയിക്കുന്ന സംഗീത ശില്‍പ്പത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്. ഒരു മണിക്കൂർ 15 മിനുറ്റ് ദൈർഘ്യമുള്ള നൃത്ത-സംഗീതശിൽപം 13 ഗാനങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. 40 നർത്തകർ വേദിയിലെത്തിയ ദേവഭൂമികയുടെ സർഗാവിഷ്കാരം സംവിധായകൻ രാജീവ് കുമാറും സംഗീതം രമേശ് നാരായണനും നിർവഹിച്ചു. പ്രഭാ വർമ, ബീയാർ പ്രസാദ്, മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ എന്നിവർ എഴുതിയ ഗാനങ്ങൾ ശരത്, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, സുദീപ്, കോട്ടയ്ക്കൽ മധു, രാജലക്ഷ്മി, ജ്യോത്‌സന, മധുശ്രീ, ഭാവനാ രാധാകൃഷ്ണൻ എന്നിവരാണു ആലപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News