റിസർവ് ബാങ്കിന്റെ കരുതൽ ധനം പിൻവലിക്കുന്ന മോദി സർക്കാർ വിത്ത് കുത്തി തിന്നുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ രാമക്ഷേത്രവും, ജമ്മു കാശ്മീരും ഉയർത്തി കൊണ്ടുവരുന്നത് ആർ എസ് എസ് തന്ത്രമാണെന്നും കണ്ണൂർ കമ്പിലിൽ ചടയൻ അനുസ്മരണ യോഗത്തിൽ സംസാരിക്കവേ കോടിയേരി ചൂണ്ടിക്കാട്ടി.വിപുലമായ പരിപാടികളോടെയാണ് ചടയൻ ഗോവിന്ദന്റെ ഇരുപത്തി ഒന്നാം ചരമ വാർഷിക ദിനം ആചരിച്ചത്.

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ട മോഡി സർക്കാർ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ വർഗീയ ദ്രുവീകരണം ശക്തമാക്കിയിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.ജമ്മു കാശ്മീരും,മുതലാഖ് ബില്ലും രാമക്ഷേത്ര വിഷയവുമെല്ലാം ഉയർത്തി കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണ്.ജനങ്ങളെ ജാതീയമായും വർഗീയമായും വിഭജിച്ചു നിർത്തി പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ആർ എസ് എസ് തന്ത്രമാണെന്നും കോടിയേരി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സി പി ഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന്റെ ഇരുപത്തി ഒന്നാം ചരമ വാർഷിക ദിനം വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്.ജന്മനാടായ കണ്ണൂർ കമ്പിലിൽ നടന്ന അനുസ്മരണ റാലിയിൽ നൂറു കണക്കിന് പേർ അണിനിരന്നു.സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കവെ 1998 സെപ്റ്റംബർ 9 നാണ് ചടയൻ ഗോവിന്ദൻ വിട വാങ്ങിയത്.