ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി; ഓണം പ്രമാണിച്ച് റേഷൻകടകൾ ചൊവ്വാഴ്‌ചയും തുറന്നു പ്രവർത്തിക്കും

ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി, വെള്ള പുഞ്ചയരി എന്നീ ഇനങ്ങളിലുള്ള അരി ആവശ്യാനുസരണം കാർഡുടമകൾക്ക്‌ നൽകും. 17 രൂപയ്‌ക്ക്‌ രണ്ടുമുതൽ മൂന്നുകിലോവരെ ആട്ടയും നൽകും. 25 കോടി രൂപയാണ്‌ സൗജന്യ റേഷൻ വിതരണത്തിന്റെ ചെലവ്‌. ഓണം പ്രമാണിച്ച് റേഷൻകടകൾ ചൊവ്വാഴ്‌ചയും തുറന്നു പ്രവർത്തിക്കും.

2 കിലോ പഞ്ചസാര സബ്‌സിഡിയിൽ

ഓണത്തോടനുബന്ധിച്ച്‌ എല്ലാ റേഷൻ കാർഡുടമകൾക്കും സബ്‌സിഡി നിരക്കായ 22 രൂപയ്‌ക്ക്‌ രണ്ട്‌ കിലോ പഞ്ചസാര ലഭിക്കും. സപ്ലൈകോ സ്‌റ്റോർ, കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്ത എന്നിവിടങ്ങളിൽനിന്ന്‌ ഒരുകിലോ പഞ്ചസാര വീതവും ലഭിക്കും. കൂടാതെ, എഎവൈ വിഭാഗക്കാർക്ക്‌ റേഷൻ കടകളിൽ സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും ലഭിക്കും.

കേന്ദ്രം മണ്ണെണ്ണ വെട്ടിക്കുറച്ചു

സംസ്ഥാനത്തെ റേഷൻ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലായത്‌ വിഹിതം വെട്ടികുറച്ച കേന്ദ്ര നടപടിയെത്തുടർന്ന്‌. സബ്‌സിഡിയിനത്തിലെ 46 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ്‌ മൂന്നാം പാദത്തിൽ കേന്ദ്രം വെട്ടിക്കുറച്ചത്‌.

രണ്ടാം പാദത്തിൽ ഒരു കോടി മുപ്പത്തൊമ്പത്‌ ലക്ഷം ലിറ്റർ മണ്ണെണ്ണ നൽകിയിരുന്നു. മൂന്നാം പാദത്തിൽ 92.5 ലക്ഷം ലിറ്ററായി കുറച്ചു. ഇതോടെയാണ്‌ സെപ്‌തംബറിൽ വിതരണത്തിന്‌ തടസ്സം നേരിട്ടത്‌. വെള്ള റേഷൻ കാർഡുടമകളൊഴികെയുള്ളവർക്ക്‌ മണ്ണെണ്ണ നൽകാനാകുമെന്ന്‌ അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here