‘നാടകം കളിക്കരുത് ‘ വീല്‍ചെയറില്‍ വിമാനത്താവളത്തിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥ; സംഭവം വിവാദമായി

ഭിന്നശേഷിക്കാരിയായ യുവതിയോടു യാത്രാ പരിശോധനയ്ക്കിടെ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥ.യുവതിയുടെ പരാതിയില്‍ സംഭവം വിവാദമായിരിക്കുകയാണ്.ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിരാലി മോദിയോടായിരുന്നു ഉദ്യോഗസ്ഥയുടെ അതിക്രമം.

13 വര്‍ഷമായി വീല്‍ ചെയറിലുള്ള വിരാലി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞത്. 2006ല്‍ നട്ടെലിനു ക്ഷതമേറ്റതു മുതല്‍ വീല്‍ചെയറിലാണ് വിരാലി യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റില്‍ പോകുന്നതിനായാണ് വിരാലി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയര്‍ കാര്‍ഗോയില്‍ ഏല്‍പ്പിച്ച ശേഷം വിരാലിയെ സീറ്റില്‍ ഇരുത്തുന്നതിനായി ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോള്‍ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ വിരാലിയോട് വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞപ്പോള്‍ നാടകം കളിക്കരുതെന്നു പറഞ്ഞ ഉദ്യോഗസ്ഥ മുതിര്‍ന്ന ഓഫിസറോടു പരാതിപ്പെട്ടു.

വീല്‍ചെയര്‍ ഉപയോഗിക്കുന്നയാളാണെങ്കിലും നിരന്തരം വിദേശയാത്രകള്‍ ചെയുന്ന ആളാണെന്നു തെളിയിക്കുന്നതിനായി തന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ അവരെ കാണിച്ചതായും വിരാലി സിഐഎസ്എഫിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ തിരക്കിനിടയില്‍ ഉദ്യോഗസ്ഥയുടെ പേര് ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും ഒടുവില്‍ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥ എത്തി സാധാരണ പരിശോധനകള്‍ മാത്രം നടത്തി തന്നെ പോകാന്‍ അനുവദിച്ചുവെന്നും സംഭവത്തില്‍ സിഐഎസ്എഫ് തന്നോടു ഖേദം പ്രകടിപ്പിച്ചതായും വിരാലി പിന്നീട് ട്വീറ്റ് ചെയ്തു.

സിഐഎസ്എഫ് കോണ്‍സറ്റബിളിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വിരാലി വിശദമായി തന്നെ പരാതിയില്‍ എഴുതി. ‘ഇങ്ങനെയാണോ ഒരു ഭിന്നശേഷിയുള്ള വ്യക്തിയോട് സി.ഐ.എസ.്എഫ് ട്രെയിനിങ്ങില്‍ പഠിപ്പിക്കുന്നത്? അങ്ങനെയാണെങ്കില്‍ ഇത് സര്‍ക്കാരിനു തന്നെ നാണക്കേടാണ്. കുറച്ചുകൂടി മാന്യമായും ബഹുമാനത്തോടും കൂടി തന്നെ എന്നെ ബഹുമാനിക്കണമായിരുന്നു. ഈ പെരുമാറ്റം അങ്ങേയറ്റം മോശമാണ്. നിങ്ങള്‍ ഇതില്‍ വേണ്ടതു ചെയ്യുമെന്നു വിചാരിക്കുന്നു. അങ്ങനെ ആണെങ്കില്‍ ആര്‍ക്കും ഇതുപോലൊരു സാഹചര്യം നേരിടേണ്ടിവരികയില്ല’.

’13 വര്‍ഷമായി ഭിന്നശേഷിക്കാരിയാണ് ഞാന്‍. എനിക്ക് നടക്കാനോ എഴുന്നേറ്റു നില്‍ക്കാനോ സാധിക്കില്ല. ഞാന്‍ ഇന്ന് ഐ.ജി.ഐ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 ല്‍ നിന്നും സ്പൈസ്ജെറ്റ് ഫ്ളൈറ്റില്‍ മുംബൈക്ക് പോവുകയായിരുന്നു. ‘ വിരാലി സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞു.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചും സമാന സംഭവം ഉണ്ടായിരുന്നു. അന്നും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിരാലിയോട് എഴുന്നേല്‍ക്കാന്‍ പറയുകയും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിരാലിയെ വനിതാ സേനാവിഭാഗത്തിലൊരാള്‍ തള്ളിയിടുകയും ചെയ്തു.

അതുപോലെ രണ്ടു വര്‍ഷം മുന്‍പു, മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറാന്‍ സഹായിച്ച റെയില്‍വേ പോട്ടര്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തെന്ന ആരോപണവുമായി വിരാലി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു മൈ ട്രെയിന്‍ ടൂ…എന്ന ഹാഷ്ടാഗില്‍ വിരാലി ആരംഭിച്ച പ്രചാരണത്തെ തുടര്‍ന്നാണ് എറണാകുളം സൗത്ത റെയില്‍വെ സ്റ്റേഷന്‍ രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനായി മാറ്റിയതും്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News