മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ വൻ പിഴ കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി; പിഴ ചുമത്തുന്നതിൽ ഓണക്കാലത്ത്‌ ഇളവുണ്ടാകുമെന്ന് മന്ത്രിയും

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ കേന്ദ്ര നിയമഭേദഗതി പ്രകാരമുള്ള വൻ പിഴ കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാൻ ഗതാഗത വകുപ്പ്‌ നിയമവകുപ്പിനു കത്തുനൽകി. പിഴത്തുക പത്തിരട്ടിയായി വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്‌ സർക്കാർ ഇടപെടൽ. പിഴത്തുക 40 ശതമാനം കുറയ്‌ക്കാനാണ്‌ നിർദേശം.

കേന്ദ്ര നിയമം മറികടക്കാൻ നിയമദേഭഗതിയെ കുറിച്ച്‌ പരിശോധിച്ചെങ്കിലും രാഷ്‌ട്രപതിയുടെ അനുമതി കിട്ടാനിടയില്ലെന്നാണ്‌ വിദഗ്‌ധ അഭിപ്രായം. ഈ സാഹചര്യത്തിലാണ്‌ പിഴ കുറച്ച്‌ നിയമം കർശനമായി നടപ്പാക്കാൻ ആലോചിക്കുന്നത്‌.

നിയമലംഘനങ്ങൾക്ക്‌ നിയമം നിഷ്‌കർഷിക്കുന്ന ഏറ്റവും കുറഞ്ഞനിരക്ക്‌ നിശ്‌ചയിക്കാൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ട്‌. ഇപ്രകാരം ഗതാഗതവകുപ്പ്‌ തയ്യാറാക്കിയ ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണ്‌. മദ്യപിച്ച്‌ വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക് ഉയർന്ന പിഴ ചുമത്തും. മറ്റുള്ളവയ്‌ക്ക്‌ പിഴ കുറയ്‌ക്കും.

നിയമഭേദഗതി പാർലമെന്റ്‌ പാസാക്കിയെങ്കിലും ചട്ടങ്ങൾ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതിനാൽ നിയമത്തിൽ നിഷ്‌കർഷിച്ച തുക അടിസ്ഥാനമാക്കിയാണ്‌ സംസ്ഥാന ഗതാഗതവകുപ്പ്‌ വിജ്ഞാപനമിറക്കിയത്‌. നിയമം പാസാക്കുംമുമ്പ്‌ സംസ്ഥാനം നിരവധി ഭേദഗതി നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്‌ സമർപ്പിച്ചെങ്കിലും ഒന്നും പരിഗണിച്ചില്ല.

കേന്ദ്ര ബിൽ ലോക്‌സഭ പരിഗണിച്ചപ്പോൾ കോൺഗ്രസ്‌ എതിർത്തില്ല. നിയമത്തിനെതിരെ പ്രതിഷേധിക്കാൻ പോലും തയ്യാറായില്ല. അതിനുശേഷമാണ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണവുമായി രംഗത്തുവന്നത്‌.

ഓണക്കാലത്ത്‌ പിഴ ചുമത്തില്ല: മന്ത്രി

മോട്ടോർ വാഹന നിയമം നടപ്പാക്കുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്നും ആവശ്യമായ മാറ്റംവരുത്താൻ ശ്രമിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ട്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഴ ചുമത്തുന്നതിൽ ഓണക്കാലത്ത്‌ ഇളവുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News