ജീപ്പില്‍ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

ഇടുക്കി: ഇടുക്കി രാജമലയില്‍ ജീപ്പില്‍ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ്. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.

അതേസമയം, കുഞ്ഞ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

രണ്ട് ദിവസത്തെ തുടര്‍ച്ചയായ യാത്രയിലായിരുന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോയതാണ്. അസുഖമുള്ളതിനാല്‍ മരുന്ന് കഴിച്ചിരുന്നു. ഇതും ക്ഷീണത്തിന് കാരണമായി. കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

ഇടുക്കി കമ്പിളികണ്ടം മുള്ളരിക്കുടി താന്നിക്കല്‍ സതീശ്, സത്യഭാമ ദമ്പതികളുടെ മകള്‍ രോഹിതയാണ് ജീപ്പില്‍നിന്ന് തെറിച്ചുവീണത്. ഞായറാഴ്ച രാത്രി 9.45 ഓടെ വിനോദസഞ്ചാരകേന്ദ്രമായ രാജമലയിലാണ് സംഭവം. 50 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം രക്ഷിതാക്കള്‍ അറിഞ്ഞത്.

പഴനി ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികള്‍ മൂന്നാര്‍ വഴി കമ്പിളികണ്ടത്തേക്ക് പോകുകയായിരുന്നു.

രാജമലയ്ക്ക് സമീപം വളവ് തിരിഞ്ഞപ്പോളാണ് കുഞ്ഞ് തെറിച്ചുവീണത്. രാത്രി 11.30ഓടെ കമ്പിളികണ്ടത്ത് എത്തി മറ്റൊരു വാഹനത്തില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം രക്ഷിതാക്കള്‍ അറിയുന്നത്.

ഉടന്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കി. അതിനിടെ രാത്രി പത്തോടെ രാജമല ടിക്കറ്റ് കൗണ്ടറിനു സമീപം കുഞ്ഞിനെ കണ്ടെത്തിയ വനംവകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയെ വിവരമറിയിച്ചു.

ഇവര്‍ മൂന്നാര്‍ പൊലീസില്‍ അറിയിച്ച ശേഷം രാജമലയിലെത്തി. പിന്നീട് പൊലീസ് സംഘവും രാജമലയിലെത്തി. നെറ്റിയില്‍ നിസാര പരിക്കേറ്റ കുഞ്ഞിനെ മൂന്നാര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു.

സിസിടിവി പരിശോധിച്ചപ്പോള്‍ 9.45ന് ജീപ്പ് കടന്നുപോകുന്നതും റോഡില്‍ നിന്ന് കുഞ്ഞ് മുട്ടിലിഴഞ്ഞ് ചെക്ക്‌പോസ്റ്റിനു സമീപത്തേക്ക് വരുന്നതും ദൃശ്യത്തില്‍ കണ്ടു. രാത്രി 1.30 ഓടെ രക്ഷിതാക്കള്‍ മൂന്നാറിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News